പല തവണ അവസരം നല്‍കിയിട്ടും സര്‍വിസില്‍ പ്രവേശിക്കാൻ തയാറല്ലാത്തവരെയാണ് പിരിച്ചുവിട്ടതെന്ന് മന്ത്രി
തിരുവനന്തപുരം: അനധികൃതമായി സര്‍വിസില്‍ നിന്ന് വര്‍ഷങ്ങളായി വിട്ടുനില്‍ക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 385 ഡോക്ടര്‍മാർ ഉള്‍പ്പെടെ 432 ജീവനക്കാരെ സര്‍വിസില്‍ നിന്നും നീക്കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പല തവണ അവസരം നല്‍കിയിട്ടും സര്‍വിസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെ നീക്കം ചെയ്യുന്നതിനാണ് തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് സാഹചര്യത്തില്‍ ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും സേവനം ആവശ്യമുണ്ട്. ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് രാവും പകലുമില്ലാതെ ജോലി ചെയ്യുന്നത്. ഈ സമയത്ത് ആരോഗ്യ മേഖലയില്‍ നിന്നും ജീവനക്കാര്‍ മാറി നില്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല.
ഇത്തരം ജീവനക്കാരെ സര്‍വിസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ ഉദ്യോഗാർഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാല്‍ തന്നെയാണ് ഇച്ഛാശക്തിയോടെ കര്‍ശനമായ നടപടി സ്വീകരിച്ചത്.
അനധികൃതമായി വിട്ടുനിന്ന പ്രബേഷനന്‍മാരും സ്ഥിരം ജീവനക്കാരുമായ 385 ഡോക്ടര്‍മാരേയാണ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് പിരിച്ചുവിടുന്നത്. അനധികൃത ഹാജരില്ലായ്മ വകുപ്പിന്‍റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നതായി സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ശന നടപടി -മന്ത്രി പറഞ്ഞു.
അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ നേരത്തെ പുറത്താക്കിയിരുന്നു. അനധികൃതമായി ജോലിക്ക് ഹാജരാകാത്തവരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ശൈലജ അറിയിച്ചു.