ജില്ല മജിസ്ട്രേറ്റ് സമ്മർദം ചെലുത്തിയതായും കുടുംബം അലഹബാദ് ഹൈകോടതിയെ അറിയിച്ചു
ലഖ്നോ: ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ മൃതദേഹം അർധരാത്രിയിൽ സംസ്കരിച്ചത് തങ്ങളുടെ അനുവാദമില്ലാതെയാണെന്ന് കുടുംബം അലഹബാദ് ഹൈകോടതിയെ അറിയിച്ചു. സംസ്കാരത്തിൽ പങ്കെടുക്കാൻ തങ്ങളെ അനുവദിച്ചില്ല. ജില്ല മജിസ്ട്രേറ്റ് സമ്മർദം ചെലുത്തി. കേസ് നടത്തിപ്പ് യു.പിക്ക് പുറത്തേക്ക് മാറ്റണമെന്നും സുരക്ഷ ആവശ്യമാണെന്നും പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.
സി.ബി.ഐ അന്വേഷിക്കുന്ന കേസിലെ വിവരങ്ങൾ രഹസ്യമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
യു.പി പൊലീസിൽ വിശ്വാസമില്ല. ആദ്യ ഘട്ടത്തിൽ എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തില്ലെന്നും കുടുംബം പറഞ്ഞു. പെൺകുട്ടിയുടെ രക്ഷിതാക്കളും സഹോദരങ്ങളുമാണ് കോടതിയിൽ മൊഴിനൽകിയത്. അഡ്വ. സീമ കുശ്വാഹയാണ് കുടുംബത്തിനായി ഹാജരായത്.
കേസ് നവംബർ രണ്ടിന് വീണ്ടും പരിഗണിക്കും. കേസ് പൊലീസ് കൈകാര്യം ചെയ്ത രീതിയിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. യു.പി ഡി.ജി.പി, അഡി. ചീഫ് സെക്രട്ടറി, ജില്ല മജിസ്ട്രേറ്റ്, എസ്.പി എന്നിവരും കോടതിയിൽ ഹാജരായി.
കനത്ത സുരക്ഷയിലാണ് കുടുംബത്തെ കോടതിയിലെത്തിച്ചത്. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നും പൊലീസ് സുരക്ഷയിൽ ലഖ്നോവിലെ ഉത്തരാഖണ്ഡ് ഭവനിൽ എത്തിച്ച ശേഷമാണ് കോടതിയിലേക്ക് കൊണ്ടുപോയത്.