മത്സരിച്ച 70 സീറ്റുകളിൽ 45ഉം എൻ.ഡി.എയുടെ ശക്തികേന്ദ്രങ്ങളായിരുന്നുവെന്ന് നേതാക്കൾ
പറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുമെന്ന് കരുതെപ്പട്ടിരുന്ന മഹാസഖ്യത്തിന് തിരിച്ചടിയേറ്റപ്പോൾ വിമർശന മുനകൾ നീളുന്നത് കോൺഗ്രസിന് നേരെയാണ്. 70 സീറ്റുകളിൽ മത്സരിച്ച പാർട്ടിക്ക് ജയിക്കാൻ കഴിഞ്ഞത് 19 സീറ്റുകളിൽ മാത്രം. മത്സരിച്ച മുഖ്യകക്ഷികളിൽ ഏറ്റവും കുറഞ്ഞ വിജയശതമാനവും കോൺഗ്രസിേൻറതാണ്. മഹാസഖ്യത്തിെൻറ പരാജയത്തിന് വഴിയൊരുക്കിയത് പകുതി സീറ്റിൽപോലും വിജയത്തിലെത്താൻ കഴിയാതെപോയ കോൺഗ്രസാണെന്ന് ഒപ്പമുള്ളവർ തന്നെ കുറ്റപ്പെടുത്തുന്നു. എന്നാൽ, ഈ കനത്ത തിരിച്ചടിക്കിടയിലും ന്യായവാദങ്ങളുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മഹാസഖ്യത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായ തങ്ങൾക്ക് കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ ലഭിച്ചെങ്കിലും മത്സരിക്കാൻ ലഭിച്ചതേറെയും എതിരാളികൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
നിരന്തര ചർച്ചകൾക്കൊടുവിൽ 2015ൽ മത്സരിച്ചതിനേക്കാൾ 30 സീറ്റുകൾ അധികം കോൺഗ്രസിന് നൽകാൻ ആർ.ജെ.ഡി സമ്മതിക്കുകയായിരുന്നു. എന്നാൽ, ഈ സീറ്റ് വിഭജനം ‘പാര’യായതായി കോൺഗ്രസ് വിലയിരുത്തുന്നു. എണ്ണത്തിൽ കൂടുതൽ സീറ്റുകൾ കിട്ടിയെന്നല്ലാതെ വലിയ കാര്യമില്ലെന്ന് അന്നേ പാർട്ടി നേതാക്കൾ പലരും ചൂണ്ടിക്കാട്ടിയിരുന്നു. 70 സീറ്റുകൾ ലഭിച്ചതിൽ 45ഉം എൻ.ഡി.എയുടെ ശക്തികേന്ദ്രങ്ങളായിരുന്നു. കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ജയിച്ചിട്ടില്ലാത്ത മണ്ഡലങ്ങളായിരുന്നു ഇവ.
ആർ.ജെ.ഡി കോൺഗ്രസിന് വിട്ടുനൽകിയ 20 മണ്ഡലങ്ങളുടെയും അവസ്ഥ അതുതന്നെയായിരുന്നു. കഴിഞ്ഞ രണ്ടു ദശകങ്ങളിൽ ആർ.ജെ.ഡി ജയിക്കാത്തവയായിരുന്നു അവ. അതിനുപുറമെ, ഇടതു പാർട്ടികൾ വിലപേശി വാങ്ങിയ സീറ്റുകളിൽ ചിലത് പരമ്പരാഗത കോൺഗ്രസ് സീറ്റുകളായിരുന്നുവെന്നും പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഇതിനുപുറമെ, സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകൾ പാർട്ടിക്ക് തിരിച്ചടിയായെന്ന് തെരഞ്ഞെടുപ്പിനുശേഷം വിലയിരുത്തപ്പെടുത്തപ്പെടുന്നുണ്ട്. സ്ഥാനാർഥി നിർണയ സമിതിയിലെ മുതിർന്ന നേതാക്കന്മാർക്കെതിരെയാണ് ആരോപണമുയരുന്നത്. പ്രചാരണത്തിലെ പൊലിമക്കുറവ്, സീമാഞ്ചൽ മേഖലയിൽ എ.ഐ.എം.ഐ.എമ്മിെൻറ കടന്നുകയറ്റം, മൂന്നു പതിറ്റാണ്ടായി ലാലു പ്രസാദ് യാദവിെൻറ ബി ടീമായി ഒതുങ്ങിക്കൂടുന്നത് തുടങ്ങി ഒട്ടേറെ ഘടകങ്ങളും തിരിച്ചടികൾക്ക് ആക്കം കൂട്ടി.