സ്വർണം ഉണ്ടാകുന്നതു കണ്ടെത്തി. സ്വർണം, പ്ലാറ്റിനം, യുറേനിയം തുടങ്ങിയ ഘനമൂലകങ്ങൾ ഉണ്ടാകുന്നത് ന്യൂട്രോൺ നക്ഷത്രങ്ങൾ കൂട്ടിമുട്ടുന്പോഴാണെന്ന് ശാസ്ത്രജ്ഞർ കണ്ടു. ഗുരുത്വതരംഗങ്ങൾ നിരീക്ഷിക്കുന്ന ലിഗോ (ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ വേവ് ഒബ്സർവേറ്ററി)യിലെ ശാസ്ത്രജ്ഞരാണ് ഇതറിയിച്ചത്. നക്ഷത്രങ്ങൾ സൂപ്പർനോവയായി പൊട്ടിത്തെറിക്കുന്പോൾ അവശേഷിക്കുന്ന പിണ്ഡമാണ് ന്യൂട്രോൺ നക്ഷത്രം. ഇവ ചെറുതാണ്, ഒപ്പം വളരെയേറെ ദ്രവ്യമുള്ളതും. ഒരു ടീസ്പൂൺ വലിപ്പത്തിൽ ഒരുലക്ഷം ടൺ ദ്രവ്യം ഉണ്ടാകും. ഈ നക്ഷത്രങ്ങൾ ജോഡികളായി പരസ്പരം വട്ടംകറങ്ങി ഒടുവിൽ കൂട്ടിമുട്ടും. അപ്പോൾ ഗുരുത്വതരംഗങ്ങളും ഹ്രസ്വഗാമാ തരംഗ വികിരണവുമുണ്ടാകും. ഈ ഗാമാ തരംഗത്തിന്റെ പാതയിൽ വരുന്ന ഗ്രഹങ്ങൾപോലും ചാന്പലാകും. കൂട്ടിമുട്ടിയ നക്ഷത്രങ്ങൾ ആദ്യം തിളങ്ങുന്ന നീലനിറത്തിലായിരുന്നു. വളരെ പെട്ടെന്ന് രൂപം മാറുന്ന അതിലെ ദ്രവ്യം അത്യുഗ്രമായ താപവും റേഡിയേഷനും മൂലം ഘനലോഹങ്ങളായി മാറി. 13 കോടി പ്രകാശവർഷം (ഒരു പ്രകാശവർഷം 9.46 ലക്ഷം കോടി കിലോമീറ്റർ) അകലെ ഹൈഡ്ര നക്ഷത്രസമൂഹത്തിൽ നടന്ന ഈ സംഭവത്തിന്റെ ദൃശ്യം ലിഗോയിൽ കഴിഞ്ഞ ഓഗസ്റ്റ് 17ന് ആദ്യം കണ്ടു. പിന്നീട് ദിവസങ്ങളോളം നിരീക്ഷിച്ചു. ലോകമെങ്ങുമുള്ള നാലായിരത്തിലേറെ ശാസ്ത്രജ്ഞർ അമേരിക്കയിലെ ലിഗോയുടെ നിരീക്ഷണങ്ങൾ പഠിച്ചാണ് ഈ നിഗമനത്തിൽ എത്തിയത്. ഹബിൾ ടെലിസ്കോപ് ഇതിന്റെ ചിത്രവും രേഖപ്പെടുത്തി.ഈ താരസംഘട്ടനത്തിലുണ്ടായ ഘനലോഹങ്ങളും മറ്റു മൂലകങ്ങളും പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുകയാണ്. എന്നെങ്കിലും അവയിൽ കുറേ ഭാഗം ഭൂമിപോലെ ഗ്രഹമായി മാറാം. ആ ഗ്രഹം സ്വർണം, പ്ലാറ്റിനം, യുറേനിയം തുടങ്ങിയവ നിറഞ്ഞതാകും. ഇരുന്പ്, കാൽസ്യം തുടങ്ങിയവയും നക്ഷത്ര സംഘട്ടനങ്ങളിൽ ഉണ്ടായവയാണെന്നാണ് ശാസ്ത്രസിദ്ധാന്തം.