ആലുവ: ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവിനെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള പണവുമായാണ് കൊടകര സ്വദേശിനി പി.സി. ഷിജി കഴിഞ്ഞ ദിവസം തൃശൂർ-എറണാകുളം റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസിൽ കയറിയത്. കൈയിലെ ബാഗിൽ ഒന്നര ലക്ഷം രൂപയോളം ഉണ്ടായിരുന്നു. കൊടകരയിൽ നിന്ന് ബസ് കയറി കറുകുറ്റി ഭാഗത്ത് ധൃതിയിൽ ഇറങ്ങുമ്പോൾ ബാഗ് എടുക്കാൻ മറന്നു.
ബസ് വിട്ടുപോയശേഷമാണ് ബാഗ് എടുക്കാൻ മറന്ന കാര്യം ഓർമ വന്നത്. അത്രയും പണം നഷ്ടമാകുന്ന കാര്യം ഓർക്കാൻ പോലും പറ്റുന്നതായിരുന്നില്ല. ഉടനെ മറ്റൊരാളുടെ ബൈക്കിൽ കയറി അങ്കമാലി സ്റ്റാൻഡിലെത്തി അധികൃതരെ വിവരമറിയിച്ചു.
ആലുവ ഡിപ്പോയിലെ ആർ.എസ്.സി 806 നമ്പർ ബസ്സിലാണ് ഷിജി യാത്ര ചെയ്തത് എന്ന് കണ്ടെത്തി. ഇതോടെ അങ്കമാലിയിലെ ഉദ്യോഗസ്ഥർ ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വിവരമറിയിച്ചു. ഉടൻ ആലുവയിലെ ഉദ്യോഗസ്ഥരും ബസിലെ ഡ്രൈവർ എം.ബി. സുരേഷും, കണ്ടക്ടർ പി.വി. സാബുവും ചേർന്ന് ബസിൽ തിരച്ചിൽ നടത്തി. ബാഗും പണവും ബസിൽ തന്നെയുണ്ടായിരുന്നു.
തുടർന്ന് ആലുവ ഡിപ്പോയിലെ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ പി.എൻ. സന്തോഷ്, ആലുവ കൺട്രോൾ റൂം എസ്.ഐ സി.കെ. ഷിബു എന്നിവർ ചേർന്ന് ഷിജിക്ക് ബാഗ് കൈമാറി.