മലപ്പുറം: ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി സഞ്ചരിച്ച വാഹനം രണ്ടത്താണി, വെളിയങ്കോട് എന്നിവിടങ്ങളില്‍ അപകടത്തിൽപെട്ട സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജില്ല പൊലീസ് മേധാവി യു. അബ്ദുല്‍ കരീം അറിയിച്ചു. മലപ്പുറം ഡിവൈ.എസ്.പി ഹരിദാസിെൻറ നേതൃത്വത്തിൽ കാടാമ്പുഴ, പൊന്നാനി സി.ഐമാര്‍ കേസന്വേഷിക്കും.
തെളിവുകള്‍ ശേഖരിക്കാൻ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ, വാഹനം പിറകിലിടിക്കാനുണ്ടായ കാരണം കണ്ടെത്തും. മൂന്ന് വാഹനങ്ങള്‍ തമ്മിലുള്ള അപകടമായിട്ടാണ് പ്രത്യക്ഷത്തില്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയപാത കോട്ടക്കൽ രണ്ടത്താണിയിൽ വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. എറണാകുളത്തു നിന്നും കണ്ണൂർ പോകുന്നതിനിടെ ഇവർ സഞ്ചരിച്ച കാറിന് പിറകിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇതോടെ മുമ്പിലുണ്ടായിരുന്ന വാഹനത്തിന് പിറകിൽ കാർ ഇടിച്ചു.
യാത്രക്കിടെ ചായ കുടിക്കാൻ നിർത്തിയ പൊന്നാനി വെളിയങ്കോട് വെച്ച് തന്നെ അപമാനിക്കാൻ ശ്രമം നടന്നെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചിരുന്നു. പരിക്കുകളൊന്നും ഇല്ലാത്തതിനാൽ മറ്റൊരു വാഹനത്തിലാണ് ഇദ്ദേഹം കോഴിക്കോട്ടേക്ക് തിരിച്ചത്.