വാഷിങ്ടൺ: യു.എസ്. കോൺഗ്രസിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ മുസ് ലിം-അമേരിക്കൻ സ്ഥാനാർഥിയായ റാഷിദ തലൈബ് വിജയത്തിലേക്ക്. ഡെമോക്രാറ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ മിഷിഗൻ സംസ്ഥാനത്തെ 13ാം ജില്ലയിൽ നിന്നാണ് റാഷിദ ജനവിധി തേടുന്നത്.
64.34 ശതമാനം വോട്ട് എണ്ണിയപ്പോൾ 66.5 ശതമാനം വോട്ട് നേടി ഡെമോക്രാറ്റിക് സ്ഥാനാർഥി റാഷിദ ലീഡ് ചെയ്യുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിലെ ഡേവിഡ് ഡുഡെഹോഫർ 29.4 ശതമാവും സാം ജോൺസൺ 2.5 ശതമാനവും വോട്ട് നേടി.
പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കടുത്ത വിമർശകയാണ് 44 കാരിയായ ഈ ഫലസ്തീൻ- അമേരിക്കൻ വംശജ. രണ്ട് വർഷം മുമ്പ് യു.എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ട് മുസ് ലിം വനിതകളിൽ ഒരാളെന്ന പ്രത്യേകതയും ഇവർക്കുണ്ട്.
2018ലെ തെരഞ്ഞെടുപ്പിൽ റാഷിദ അടക്കം നാല് ഡെമോക്രാറ്റിക് അംഗങ്ങളാണ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇലാൻ ഒമർ (മിനിസോട്ട), അലക്സാഡ്രിയ ഒകാസിയോ (ന്യൂയോർക്ക്), അയന്ന പ്രസ് ലെ (മസാച്ചുസെറ്റ്സ്) എന്നിവരാണ് മറ്റുള്ളവർ. ഈ നാലു പേരുടെ സംഘത്തെ ‘പടക്കൂട്ടം’ എന്നാണ് അറിയപ്പെട്ടിരുന്നു.
റാഷിദയെയും സംഘത്തെയും ലക്ഷ്യമിട്ട് നിരവധി ട്വീറ്റുകൾ ട്രംപ് പോസ്റ്റ് ചെയ്തിരുന്നു. ട്രംപിന് ഇനി അമേരിക്കൻ പ്രസിഡന്‍റായി ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റാഷിദ വ്യക്തമാക്കിയിരുന്നു.