അകാലത്തിൽ അന്തരിച്ച സംവിധായകൻ സച്ചിക്ക് ആദരാഞ്ജലി അർപ്പിക്കാൻ അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ അനാർക്കലിയിലെ അഭിനേതാക്കൾ എത്തിയത് വിങ്ങുന്ന ഹൃദയവുമായി. ചിത്രത്തിലെ നായകനും സച്ചിയുടെ ഉറ്റ സുഹൃത്തുമായ പൃഥ്വിരാജ് സച്ചിയുടെ മൃതദേഹം തമ്മനത്തെ വീട്ടിൽ എത്തിക്കും മുമ്പ് തന്നെ അവിടെ ഉണ്ടായിരുന്നു. തൃശൂരിലെ ആശുപത്രിയിൽ സച്ചിയെ പ്രവേശിപ്പിച്ചപ്പോൾ മുതൽ ബിജു മേനോനും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു. നടി മിയ കോട്ടയത്തെ വീട്ടിൽ നിന്ന് തന്റെ പ്രിയ സംവിധായകന് വിട ചൊല്ലാൻ അമ്മയോടൊപ്പം എത്തി. തന്റെ പ്രിയ സുഹൃത്തിന്റെ ജീവനറ്റ ശരീരത്തിന് മുന്നിൽ വികാരഭരിതനായി പൃഥ്വി തെല്ലുനേരം നിന്നു.പൃഥ്വിരാജിന് ഒപ്പം സുരാജ് വെഞ്ഞാറമ്മൂടും സച്ചിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. സച്ചിയെ സംബന്ധിച്ചു പൃഥ്വിരാജ് ജോലി ചെയ്യാൻ വളരെ കംഫർട്ടിബിളായ നടനായിരുന്നു.
ബിജു മേനോനായിരുന്നു അതേ വേവ് ലെങ്ത്തിലുളള മറ്റൊരു താരം. ‘ചേട്ടായീസി’ ൽ ബിജു മേനോനുമായുള്ള കൂട്ടു കെട്ടു സച്ചിയുടെ പുതിയ സിനിമാ സൗഹൃദങ്ങളുടെ തുടക്കമായിരുന്നു. സുരേഷ് കൃഷ്ണ, സംവിധായകൻ രഞ്ജിത്, ബിജു മേനോൻ, പൃഥിരാജ് എന്നിവരുടെ സംഘം പുതിയൊരു സിനിമാ രീതിക്കു തന്നെ തുടക്കമിട്ടു. സച്ചിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചേട്ടായീസില്‍ നായികയായി അരങ്ങേറ്റം കുറിച്ച മിയ ഒടുവില്‍ അഭിനയിച്ച ഡ്രൈവിങ് ലൈസന്‍സിന്റെ തിരക്കഥയും സച്ചിയുടേതായിരുന്നു.
ഏറെ സ്നേഹിച്ചിരുന്ന ഒരാള്‍ മറ്റൊരു ലോകത്തേക്ക് യാത്ര ആയെന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ മിയ പങ്കുവച്ചു. ‘മറ്റൊരു ലോകത്തേക്ക് അദ്ദേഹം യാത്ര ആയെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല. എന്റെ കരിയറിന്റെ തുടക്കം മുതല്‍ അവസാനമായി അഭിനയിച്ച സിനിമ വരെ അദ്ദേഹത്തിന്റെ അനുഗ്രഹം എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു. ചേട്ടായീസ്, അനാര്‍ക്കലി, ഷെര്‍ലക്ക് ടോംസ് … പിന്നെ അവസാനമായി റിലീസ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ്. ഓരോ ചിത്രവും എന്റെ കരിയറിലും വ്യക്തിജീവിതത്തിലും പ്രത്യേക സ്വാധീനമുണ്ടാക്കിയവയാണ്.’ മിയ പറയുന്നു.