ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് അതിൻെറ സുവർണ്ണ കാലഘട്ടത്തിലാണ് ഇപ്പോഴുള്ളതെന്ന് ചെയർമാൻ മുകേഷ് അംബാനി. കടമില്ലാത്ത അവസ്ഥയിലേക്ക് റിലയൻസ് എത്തി. 2021 മാർച്ചിൽ പൂർത്തികരിക്കാനിരുന്ന സ്വപ്നം ഇപ്പോൾ തന്നെ സഫലമാക്കാൻ കഴിഞ്ഞെന്നും അംബാനി അവകാശപ്പെട്ടു.
റിലയൻസിനെ കടമില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചതിലൂടെ ഓഹരി ഉടമകളോടുള്ള വാഗ്ദാനം നിറവേറ്റിയെന്ന് അംബാനി വ്യക്തമാക്കി. 2020 മാർച്ച് 31ന് 1,61,035 കോടിയായിരുന്നു റിലയൻസിൻെറ കടബാധ്യത. അവകാശ ഓഹരി വിൽപനയിലൂടെയും ജിയോയുടെ ഓഹരി വിൽപനയിലൂടേയുമാണ് കമ്പനി കടബാധ്യത കുറച്ചത്.
അവകാശ ഓഹരി വിൽപനയിലൂടെ 53,124.20 കോടി രൂപയാണ് റിലയൻസ് സ്വരൂപിച്ചത്. 115,693.95 കോടി രൂപ ജിയോയിലെ ഓഹരി വിൽപനയിലൂടെയും സ്വരൂപിച്ചു. വ്യാഴാഴ്ച ജിയോയിൽ 11ാമത്തെ കമ്പനിയും നിക്ഷേപം നടത്തിയിരുന്നു. സൗദി അറേബ്യയിലെ പി.ഐ.എഫ് ഇൻവെസ്റ്റ്മെൻറ് 11,367 കോടിയാണ് നിക്ഷേപിച്ചത്.