നെടുമ്പാശേരി ∙ ഈ കോവിഡ് കാലത്ത് വിമാനത്താവളത്തിലെത്തുന്നവർക്ക് ഇത് എയർപോർട്ടാണോ ബസ്പോർട്ടാണോ എന്നു വരെ തോന്നാം. കാരണം അത്രയേറെ ബസുകളാണു വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരിക്കുന്നത്. രാജ്യാന്തര ടെർമിനലിനു പിറകിൽ വിമാനങ്ങളും മുൻപിൽ ബസുകളും. ഇന്നലെ 5 ചാർട്ടർ വിമാനങ്ങളാണു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. രാവിലെ മുതൽ മുപ്പതിലേറെ കെഎസ്ആർടിസി ബസുകൾ ഈ വിമാനങ്ങളിലെ യാത്രക്കാരെത്തുന്നതു കാത്ത് ടെർമിനലിനു മുൻപിലുണ്ടായിരുന്നു. ഒരു വലിയ ഡിപ്പോയിലെയത്രയും ബസുകൾ. വിമാനങ്ങൾ കൂടുതലുള്ള ദിവസങ്ങളിൽ ബസുകളുടെ എണ്ണവും കൂടും
യാത്രക്കാർക്കു കേരളത്തിലെ വിവിധ ജില്ലകളിലേക്കു പോകാനാണു ബസുകൾ അതതു ഡിപ്പോകളിൽ നിന്ന് എത്തിയിരിക്കുന്നത്. പലതും വിമാനങ്ങൾ ചാർട്ടർ ചെയ്ത കമ്പനികൾ തന്നെ യാത്രക്കാരെ കൊണ്ടുപോകാൻ എത്തിച്ചവ. കോവിഡ് ലോക്ഡൗൺ കഴിഞ്ഞു വിമാനത്താവളം തുറന്ന ആദ്യകാലത്ത് എട്ടോ പത്തോ ബസുകളാണ് ടെർമിനലിനു മുൻപിലുണ്ടായിരുന്നത്. ഇപ്പോൾ ടെർമിനലിന്റെ പിക്അപ് ഏരിയയും കഴിഞ്ഞ് ഡിപ്പാർച്ചർ ടെർമിനലിലേക്കുള്ള
മേൽപാലത്തിനടിഭാഗത്തു വരെ ബസുകൾ പാർക്ക് ചെയ്തിരിക്കുകയാണ്
അതേ സമയം ഇത്രയേറെ ബസുകൾ വിമാനത്താവളത്തിനു മുൻപിൽ നിരയായി പാർക്ക് ചെയ്യുന്നതിൽ സുരക്ഷാ വിഭാഗത്തിനു ചെറിയ നീരസമില്ലാതില്ല. എന്തെങ്കിലുമൊരു അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ഇതൊരു തടസമായേക്കാമെന്നതാണു കാരണം. രാവിലെ മുതൽ ഇത്രയേറെ ബസുകൾ പാർക്ക് ചെയ്തിടുന്നതിനു പകരം വിമാനത്താവളത്തിനു സമീപത്തെവിടെയെങ്കിലും ബസുകൾ പാർക്ക് ചെയ്തിട്ട് വിമാനങ്ങളെത്തുമ്പോൾ മാത്രം ബസുകൾ ടെർമിനലിനടുത്തേക്കു വരാൻ സൗകര്യമൊരുക്കുന്നതായിരിക്കും കൂടുതൽ സുരക്ഷിതമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു