മുംബൈ∙ ‘സുശാന്ത് സിങ് രജ്പുത്തിന് സംഭവിച്ചതറിഞ്ഞതിന്റെ ഞെട്ടലിലാണ് ഞാൻ. മഹിയുടെ (മഹേന്ദ്രസിങ് ധോണി) ബയോപിക്കുമായി ബന്ധപ്പെട്ട് ഒട്ടേറെ സമയം ഞങ്ങൾക്കൊപ്പം ചെലവഴിച്ച വ്യക്തിയാണ്. സുമുഖനും സുസ്മേരവദനനുമായ ഒരു നടനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ഓം ശാന്തി’ – ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവാർത്ത ക്രിക്കറ്റ് ലോകത്തുണ്ടാക്കിയ ഞെട്ടൽ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ഈ വാക്കുകളിലുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ ജീവിതം അഭ്രപാളിയിൽ പുനർസൃഷ്ടിച്ചപ്പോൾ ധോണിയായി അഭിനയിച്ച, അല്ല ജീവിച്ച നടനാണ് സുശാന്ത്. ധീരജ് പാണ്ഡെ സംവിധാനം ചെയ്ത ‘എം.എസ്. ധോണി അൺടോൾഡ് സ്റ്റോറി’ എന്ന ചിത്രമാണ് സുശാന്തെന്ന താരത്തെ ഇന്ത്യൻ സിനിമാ ലോകത്ത് അടയാളപ്പെടുത്തിയത്
ധോണിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സുശാന്തിന്റെ മരണം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത് വെറുതെയല്ല. സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി, യുവരാജ് സിങ്, വീരേന്ദർ സേവാഗ്, ഇർഫാൻ പഠാൻ, കിരൺ മോറെ, ആകാശ് ചോപ്ര, രവി ശാസ്ത്രി, രവിചന്ദ്രൻ അശ്വിൻ, ശിഖർ ധവാൻ ക്രുനാൽ പാണ്ഡ്യ, ഹർഷ ഭോഗ്‍ലെ, അജിൻക്യ രഹാനെ, ഹർഭജൻ സിങ് അനിൽ കുംബ്ലെ, ശുഐബ് മാലിക്ക്, മുഹമ്മദ് കൈഫ്, ആർ.പി. സിങ്, വാഷിങ്ടൺ സുന്ദർ, കമ്രാൻ അക്മൽതുടങ്ങിയവരെല്ലാം സുശാന്തിന്റെ മരണത്തിൽ ഞെട്ടൽ അറിയിച്ചും നിത്യശാന്തി നേർന്നും രംഗത്തെത്തിയിട്ടുണ്ട്
∙ കൊതിപ്പിച്ച് ധോണി ചിത്രം
ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ഒരുപോലെ ആരാധിക്കുന്ന മഹേന്ദ്രസിങ് ധോണിയുടെ ജീവിതം അഭ്രപാളിയിൽ പുനഃരാവിഷ്കരിക്കുമ്പോൾ അതിലെ ഏറ്റവും വലിയ വെല്ലുവിളികളൊന്ന് ധോണിയുടെ വേഷം അഭിനയിക്കുന്നതു തന്നെയായിരുന്നു. ധോണിയുടെ വേഷത്തിനായി തിരഞ്ഞെടുത്തതു മുതൽ കഠിനാധ്വാനത്തിലായിരുന്നു സുശാന്ത്. ഊണിലും ഉറക്കത്തിലുമെല്ലാം ധോണിയാകാനായി ശ്രമം. മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരൺ മോറെയ്ക്കു കീഴിൽ ഒരു വർഷത്തോളം നീണ്ട കഠിന പരിശീലനം. അത് വെറുതെയായില്ലെന്ന് എം.എസ്. ധോണി അൺടോൾഡ് സ്റ്റോറി കണ്ടവർക്കറിയാം
മഹേന്ദ്രസിങ് ധോണി ഇന്ത്യൻ ടീമിലെത്തിയപ്പോൾ മുതൽ ചർച്ച അദ്ദേഹത്തിന്റെ ഹെലിക്കോപ്റ്റർ ഷോട്ടുകളെക്കുറിച്ചായിരുന്നു. ഓഫിലോ മിഡിൽ സ്റ്റംപിലോ വരുന്ന പന്ത് ചെറിയ ബാക് ലിഫ്‌റ്റെടുത്ത് മിഡ് ഓൺ ഭാഗത്തേക്ക് കോരിയെറിഞ്ഞ് ഹെലിക്കോപ്റ്റർ പോലെ ബാറ്റിന്റെ ചലനം നിയന്ത്രിക്കുന്ന ഷോട്ട് ധോണിയുടെ ട്രേഡ് മാർക്കാണ്. ഫോമിന്റെ പാരമ്യത്തിൽ ഹെലിക്കോപ്റ്ററിലേറി സിക്‌സറുകൾ മാത്രം വരുന്നു. ധോണിയുടെ ഹെലിക്കോപ്റ്റർ മറ്റാർക്കും അനുകരിക്കാൻ കഴിയില്ലെന്നു കരുതിയവരെയെല്ലാം ഒരുപോലെ ഞെട്ടിച്ചാണ് എം.എസ്. ധോണി അൺടോൾഡ് സ്റ്റോറിയുടെ ട്രെയ്‌ലർ പുറത്തുവന്നത്. ധോണിയെങ്ങനെ ഹെലിക്കോപ്റ്റർ ഷോട്ട് അടിച്ചുവോ അതേപടി പകർത്തുകയായിരുന്നു സുശാന്ത്