സൂറിക്: കോവിഡിനെ തുടർന്നുള്ള യാത്രാനിയന്ത്രണങ്ങൾ ജൂൺ 15 മുതൽ സ്വിറ്റ്സർലൻഡ് ഒഴിവാക്കുന്നു. ഇതനുസരിച്ചു എല്ലാ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ബ്രിട്ടൻ, യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനിൽ (ഇഎഫ്‌ടിഎ) ഉൾപ്പെടുന്ന നോർവെ, ഐസ്‌ലാന്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ പൗരൻമാർക്കും നിയന്ത്രണങ്ങൾ ഇല്ലാതെ സ്വിസ്സിലേക്ക് യാത്ര ചെയ്യാമെന്ന് സർക്കാർ വ്യക്തമാക്കി.
രാജ്യത്തിന്റെ അതിർത്തികൾ ഇറ്റലി ഒഴികെയുള്ള അയൽരാജ്യങ്ങളുമായി ജൂൺ 15 ന് തുറക്കും. ജൂലൈ ഒന്ന് മുതൽ ഷെങ്കൻ രാജ്യങ്ങളിലേക്കും യാത്ര അനുവദിക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. എന്നാൽ ഷെങ്കൻ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർ തമ്മിൽ വെള്ളിയാഴ്ച നടന്ന വെർച്വൽ കൂടിക്കാഴ്ചയിലാണ് തീരുമാനം നേരത്തേയായത്. യൂറോപ്പിൽ എങ്ങും എപ്പിഡെമോളജിക്കൽ സാഹചര്യം കുറഞ്ഞതാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിൽ. രാജ്യത്ത് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ നടപ്പാക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.
സ്വിസ് അധികൃതർ നേരത്തെ ജൂലൈ വരെ ഇറ്റലിയുടെ അതിർത്തി തുറക്കില്ലെന്നതിന് കാരണമായി ചൂണ്ടികാട്ടിയിരുന്നത്. അവിടുത്തെ അണുബാധയുടെ നിരക്ക് വേണ്ടത്ര കുറഞ്ഞിട്ടില്ലെന്നതാണ്. എന്നാൽ പുതിയ സാഹചര്യത്തിൽ ഇറ്റാലിയൻ അതിർത്തിയും ജൂൺ 15 മുതൽ പൂർണമായും തുറക്കും. ജൂൺ പകുതിയോടെ സ്വിസ്സിൽ നിന്നുള്ള വിമാന സർവീസുകളിൽ 60 ശതമാനത്തോളം പ്രവർത്തിച്ചു തുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്.