ന്യൂഡൽഹി ∙ അതിർത്തിയിൽ ഒരേസമയം അനുരഞ്ജന ചർച്ചകളിൽ മുഴുകിയും സേനാ തലത്തിൽ പടയൊരുക്കം നടത്തിയും ഇന്ത്യയും ചൈനയും. ബ്രിഗേഡ് തലത്തിൽ കമാൻഡർമാർ ഇന്നലെ ചർച്ച നടത്തിയെങ്കിലും പ്രശ്നത്തിനു പരിഹാരമായിട്ടില്ല. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സേനാ മേധാവികൾ, സംയുക്ത സേനാ മേധാവി എന്നിവർ യോഗം ചേർന്നു. സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിനു പുറമേ, ചൈനയുമായി അതിർത്തി പങ്കിടുന്ന അരുണാചൽപ്രദേശ്, സിക്കിം, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയിലാണ്. അതിർത്തിയിൽ ഏതു നിമിഷവും അണിനിരത്താൻ കഴിയും വിധം സൈന്യവും മറ്റു സന്നാഹങ്ങളും സജ്ജമാണ്. കരസേനയ്ക്കു പിന്തുണയുമായി പടിഞ്ഞാറ്, കിഴക്ക് വ്യോമസേനാ കമാൻഡുകൾക്കു കീഴിലുള്ള യുദ്ധവിമാനങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്. ചൈന, പാക്ക് ഭീഷണികൾ നിലനിൽക്കുന്ന ലഡാക്ക്, കശ്മീർ അതിർത്തികളിൽ വ്യോമസുരക്ഷയൊരുക്കുന്ന ഡൽഹി ആസ്ഥാനമായുള്ള പടിഞ്ഞാറൻ വ്യോമ കമാൻഡിനു നേതൃത്വം നൽകുന്നതു മലയാളിയാണ് – തിരുവനന്തപുരം സ്വദേശി എയർ മാർഷൽ ബി. സുരേഷ്. പാക്ക് – ചൈന നീക്കം? സ്വന്തം നിലയിൽ നീങ്ങുന്നതിനു പുറമേ പാക്കിസ്ഥാനെ ഉപയോഗിച്ചും സംഘർഷം സൃഷ്ടിക്കാൻ ചൈന ശ്രമിക്കുകയാണെന്ന് ഇന്ത്യ വിലയിരുത്തുന്നു. കഴിഞ്ഞ 2 മാസമായി നിയന്ത്രണ രേഖയിലുടനീളം ഷെല്ലാക്രമണം നടത്തുന്ന പാക്കിസ്ഥാനു ചൈനയുടെ പിന്തുണയുണ്ടാകാമെന്നു സേനാ വൃത്തങ്ങൾ സൂചിപ്പിച്ചു. 2017 ൽ സിക്കിമിലെ ദോക് ലായിൽ ഇന്ത്യയുടെ എതിർപ്പിനു വഴങ്ങി സേനയെ പിൻവലിച്ചതു മുതൽ ഗൂഢ നീക്കങ്ങളിൽ ചൈന സജീവമാണ്. പാക്ക് സേനയ്ക്ക് ചൈന ആയുധങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് മാധ്യമങ്ങളിലുള്ള വാർത്തകളിലും ഇന്ത്യ വിരുദ്ധ വികാരം വ്യക്തമാണ്. ഇന്ത്യയ്ക്കെതിരായ സൈനിക നീക്കങ്ങളിൽ ആയുധങ്ങൾ പാക്കിസ്ഥാനു മുതൽക്കൂട്ടാകുമെന്ന വാചകം ഏതാനും വർഷങ്ങളായി ചൈനീസ് വാർത്തകളിൽ പതിവാണെന്നും മുൻപില്ലാത്ത രീതിയാണിതെന്നും ചൈനയെ നിരീക്ഷിക്കുന്ന ഉന്നത സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി
അതിർത്തി സംഘർഷത്തിൽ പാക്ക്–ചൈന കൂട്ട്; ഇന്ത്യയ്ക്കെതിരെ ഗൂഢ നീക്കങ്ങൾ സജീവം
By Malayalida
0
481
RELATED ARTICLES