തിരുവനന്തപുരം ∙ കേരളത്തിൽ നിലവിൽ ചികിത്സയിലുള്ള കോവിഡ് രോഗികളിൽ 62% പേരും രോഗലക്ഷണങ്ങളില്ലാത്തവരെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ഈ മാസം 10 വരെയുള്ള കണക്കുപ്രകാരം 1196 രോഗികളിൽ 742 പേർക്കും രോഗലക്ഷണങ്ങളില്ല. ഗുരുതര രോഗലക്ഷണങ്ങൾ 14 പേർക്കു (1.1%) മാത്രം. 448 പേർക്ക് (37%) ചെറിയ രോഗലക്ഷണങ്ങൾ മാത്രം.
ചികിത്സ എളുപ്പമെന്നതും രോഗമുക്തിക്കു സാധ്യതയേറെയെന്നതുമാണ് ആശ്വാസ ഘടകങ്ങൾ. അതേസമയം, സമ്പർക്കം വഴിയുള്ള രോഗവർധനയ്ക്കും സമൂഹവ്യാപനത്തിനും വരെ സാധ്യതയെന്ന ആശങ്കയ്ക്കും ഇതു വഴിതുറക്കുന്നു. കഴിഞ്ഞ 2 ദിവസങ്ങളിൽ മാത്രം 24 പേർ സമ്പർക്കം വഴി രോഗബാധിതരായിട്ടുണ്ട്.
ഇന്നലെ തൃശൂർ ജില്ലയിൽ സമ്പർക്ക രോഗം സ്ഥിരീകരിച്ച 7 പേരിൽ ആറും ആരോഗ്യപ്രവർത്തകരാണ്; മലപ്പുറത്ത് ഇന്നലെ ഫയർഫോഴ്സ് ജീവനക്കാരനും പഞ്ചായത്ത് ഡ്രൈവറും ഉൾപ്പെടെ 3 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗം. സമ്പർക്ക രോഗികൾ കൂടുതൽ തൃശൂരിലാണ്– 34; പാലക്കാട്– 30, കണ്ണൂർ– 27, മലപ്പുറം– 25 എന്നിങ്ങനെയാണു കണക്ക്. ചിലരുടെ രോഗ സ്രോതസ്സ് അറിയാൻ കഴിഞ്ഞിട്ടില്ല.
ഹുസ്സൻ കുട്ടി
പുതിയ രോഗികൾ 78: കണ്ണൂരിൽ ഒരു മരണം തിരുവനന്തപുരം ∙ കേരളത്തിൽ 78 പേർക്കു കൂടി കോവിഡ്. 32 പേർ രോഗമുക്തരായി. നിരീക്ഷണത്തിലിരിക്കെ മരിച്ച കണ്ണൂർ ഇരിക്കൂർ സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തു മരണം 19 ആയി. മുംബൈയിൽ നിന്നെത്തിയ പട്ടുവം ആയിഷ മൻസിലിൽ നടുക്കണ്ടി എൻ.ഹുസ്സൻകുട്ടി (77) ആണു മരിച്ചത്.
ഇന്നലെ കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തതു തൃശൂർ, മലപ്പുറം ജില്ലകളിലാണ്– 14 വീതം. മറ്റു ജില്ലകളിലെ കണക്കിങ്ങനെ: ആലപ്പുഴ 13, പത്തനംതിട്ട 7, എറണാകുളം 5, പാലക്കാട് 5, കൊല്ലം 4, കോഴിക്കോട് 4, കാസർകോട് 4, കോട്ടയം 3, കണ്ണൂർ 3 (മരണം ഉൾപ്പെടെ), തിരുവനന്തപുരം 1, ഇടുക്കി 1.
പുതിയ രോഗികളിൽ 36 പേർ വിദേശത്തു നിന്നും 31 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളത് 1303 പേർ; രോഗമുക്തർ 999.
മരിച്ച ഹുസ്സൻകുട്ടിയുടെ കബറടക്കം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തി. ഭാര്യ: കെ.സി. ആയിഷ. മക്കൾ: റാബിയ (മുംബൈ), റാസിഖ്, മുഹമ്മദ് റാഫി (ഇരുവരും ദുബായ്), റലീന, റഹിയാനത്ത്, റഫീന. മരുമക്കൾ: മൊയ്തീൻ, ഷമീന, ഷാർമിന, ഷുക്കൂർ, ഫിറോസ്, മിക്ദാദ്.