മുംബൈ: വീട്ടിൽനിന്ന് മയക്കുമരുന്ന് കണ്ടെടുത്തതിെൻറ പേരിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കൊമേഡിയൻ ഭാർതി സിങ്ങിനും ഭർത്താവിനും ജാമ്യം. മുംബൈ കോടതിയാണ് ജാമ്യം അനുവദിച്ചത്. മയക്കുമരുന്ന് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമത്തിൽ പറയുന്ന അളവിനേക്കാൾ വളരെ കുറച്ചുമാത്രമാണ് ഇവരിൽ നിന്ന് കണ്ടെടുത്തതെന്നും അതുകൊണ്ട് ജാമ്യം നൽകണമെന്നുമുള്ള അഭിഭാഷകെൻറ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
നിരവധി കോമഡി-റിയാലിറ്റി ഷോകളിലൂടെ പ്രശസ്തയായ ഭാർതി സിങ്ങിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. 86.5 ഗ്രാം കഞ്ചാവാണ് ഇവരുടെ വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നത്. പിറ്റേന്ന് ഭർത്താവ് ഹർഷ് ലിംബാച്ചിയയും പിടിയിലായി. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ഡിസംബർ നാലു വരെ റിമാൻഡ് ചെയ്തിരുന്നു.
നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) ആക്ട് പ്രകാരം, 1000 ഗ്രാം വരെ മയക്കുമരുന്നു കണ്ടെടുത്താൽ ‘ചെറിയ അളവ്’ എന്നാണ് കണക്കാക്കുന്നത്.