ഹജ്ജ് എംബാർക്കേഷൻ കേന്ദ്രം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡവലപ്മെൻറ് ഫോറം സൂചന സമരം നടത്തി
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിലെ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രം മാറ്റിയതിനെതിരെ മലബാർ ഡവലപ്മെൻറ് ഫോറം (എം.ഡി.എഫ്) സൂചന സമരം നടത്തി. കേരളത്തിലെ 87 ശതമാനത്തോളം ഹാജിമാർ ഉപയോഗിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിൽനിന്നും എംബാർക്കേഷൻ കേന്ദ്രം നീക്കിയതിനു പിന്നിൽ ദുരൂഹതയുള്ളതായി ഇവർ ആരോപിച്ചു.
കരിപ്പൂരിൽ വലിയ വിമാന സർവിസ് ഉടൻ പുനരാംരംഭിക്കണം. കരിപ്പൂരിനെ തകർക്കാനുള്ള ഗുഡാലോചനയുമായി സ്വകാര്യ വിമാനത്താവള ലോബി ശക്തമായി രംഗത്തുണ്ട്. അവരുടെ ഇടപെടലാണ് കരിപ്പൂരിൽ വലിയ വിമാന സർവിസ് നിരോധിക്കാൻ കാരണം. വരും ദിവസങ്ങളിൽ ഡൽഹിയിൽ ഉൾപ്പെടെ സമരം ശക്തമാക്കുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.
എം.ഡി.എഫ് പ്രസിഡൻറ് കെ.എം. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ചീഫ് കോർഡിനേറ്ററും എയർപോർട്ട് അഡ്വൈസറി കമ്മറ്റി അംഗവുമായ ടി.പി.എം. ഹാഷിറാലി, എം.ഡി.എഫ് ഡൽഹി ചാപ്റ്റർ പ്രസിഡൻറ് കാവുങ്ങൽ അബ്ദുല്ല, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മുഹമ്മദ് ബഷീർ (കെ.എൻ.എം), ഉസ്മാൻ റഹീം (എസ്.കെ.എസ്.എസ്.എഫ്), മുസ്തഫ മഞ്ചേരി, നൗഷാദ് ചെമ്പ്ര (സെക്രട്ടറി എം.ഡി.എഫ് താമരശ്ശേരി), കെ. ആസാദ്, സി.കെ. മുറയൂർ, സെയ്തലവി ബാവ (തബ്ലീഗ് ജമാഅത്ത്), സി.എൻ. അബൂബക്കർ, നസീബ് രാമനാട്ടുകര, രോണി ജോൺ, ഹമീദ് വാഴക്കാട് എന്നിവർ സംസാരിച്ചു. ഒ. മോയിൻ റഷീദ് നന്ദി പറഞ്ഞു.