കാസർകോട്: നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മഞ്ചേശ്വരത്തെ മുസ്‌ലിം ലീഗ് എം.എൽ.എ എം.സി. ഖമറുദ്ദീനെതിരെ ചുമത്തിയത് ഗുരുതര കുറ്റങ്ങൾ. ഗൂഢാലോചന, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം തുടങ്ങി ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണിവ. 15 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാനായ ഖമറുദ്ദീനെ അറസ്റ്റ് ചെയ്തത്. ജ്വല്ലറി ജനറൽ മാനേജർ പൂക്കോയ തങ്ങളെയും അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നതായാണ് സൂചന.
അതേസമയം, സിവില്‍ കേസ് മാത്രമാണ് എം.എൽ.എക്കെതിരെ ഉള്ളതെന്നും ജാമ്യാപേക്ഷ നൽകുമെന്നും എം.എൽ.എയുടെ അഭിഭാഷകൻ മാധ്യമങ്ങളോടു പറഞ്ഞു. പരാതിയും പൊലീസിെൻറ തുടർനടപടികളും രാഷ്ട്രീയപ്രേരിതമാണെന്നും കുറ്റകൃത്യത്തിൽ എം.എൽ.എ പങ്കാളിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇദ്ദേഹം ചെയർമാനായ ഫാഷൻ ഗോൾഡിനെതിരെ 115 പരാതികളാണ് പൊലീസിന് ലഭിച്ചത്. 80 പേരിൽനിന്ന് അന്വേഷണസംഘം തെളിവ് ശേഖരിച്ചു. ജില്ലാ പൊലീസ് ആസ്ഥാനത്തെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിൽ ഖമറുദ്ദീനെ സംരക്ഷിക്കില്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. നിക്ഷേപകരുടെ ബാധ്യത തീർക്കുന്നകാര്യം പാർട്ടി ഏറ്റെടുത്തിട്ടില്ലെന്നും മുസ്‌ലിം ലീഗ് വ്യക്തമാക്കിയിരുന്നു.