കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ നടന്ന രഹസ്യ വാദം പൂർത്തിയായി. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങൾ നടന്നത്. കേസിലെ കോടതി നടപടികൾ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യസ്വഭാവമാർന്ന രേഖകളും പുറത്തുവരുന്നതു തടയാനാണ് പ്രോസിക്യൂഷൻ ഈ ആവശ്യം ഉന്നയിച്ചത്. നടിയുടെ നഗ്നചിത്രങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെയുള്ളതെന്നും അതിൽ അന്വേഷണം പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്നാണു ഹർജിയിൽ ദിലീപ് പറയുന്നത്. കേസിൽ ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 28വരെ കോടതി നീട്ടിയിട്ടുമുണ്ട്. അതിനിടെ കേരള സംഗീത നാടക അക്കാദമി അധ്യക്ഷയും നടിയുമായ കെപിഎസി ലളിത ദിലീപിനെ ജയിലിൽ സന്ദർശിച്ചു. വൈകിട്ട് നാലുമണിയോടെയായിരുന്നു കെപിഎസി ലളിത ആലുവ സബ് ജയിലിൽ എത്തിയത്. നടൻ ദിലീപ് നാലാം തവണയാണു ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തുന്നത്. രണ്ടുതവണ ഹൈക്കോടതി ജാമ്യം തള്ളി. തുടർന്നാണ് ദിലീപ് വീണ്ടും കീഴ്ക്കോടതിയെ സമീപിക്കുന്നത്. ജയിൽവാസം 60 ദിവസം പിന്നിട്ടതിനാൽ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ക്രിമിനൽ നടപടിച്ചട്ടം 376 (രണ്ട്) പ്രകാരമുള്ള കുട്ടമാനഭംഗക്കുറ്റം തന്റെ പേരിൽ നിലനിൽക്കില്ല. ഇതുണ്ടെങ്കിൽ മാത്രമേ 90 ദിവസം റിമാൻഡിന് കാര്യമുള്ളൂ. നഗ്നചിത്രമെടുക്കാൻ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ഇപ്പോൾ ചുമത്തപ്പെട്ടിട്ടുള്ളത്. അതുപ്രകാരം 60 ദിവസത്തിൽ കൂടുതൽ റിമാൻഡിൽ കഴിഞ്ഞാൽ സോപാധിക ജാമ്യത്തിനു പ്രതി അർഹനാണ്. അതിനാൽ ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു
ദിലീപിന്റെ റിമാൻഡ് കാലാവധി 28 വരെ നീട്ടി, ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച
RELATED ARTICLES