വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചു. ട്രംപിെൻറ മുഖ്യ ഉപദേഷ്ടാക്കളിൽ ഒരാളായ ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രസിഡൻറും ഭാര്യയും പരിശോധനക്ക് വിധേയരായത്.
വ്യാഴാഴ്ചയോടെ ഹിക്‌സിന് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ട്രംപും മെലാനിയയും കോവിഡ് ടെസ്റ്റിന് വിധേയരാവുകയും ക്വാറൻറീനിൽ പോവുകയുമായിരുന്നു.
കോവിഡ് പോസിറ്റീവാണെന്നത് ട്വിറ്ററിലൂടെയാണ് ട്രംപ് അറിയിച്ചത്. പ്രഥമവനിതയും താനും ഒരുമിച്ചാണെന്നും ക്വാറൻറീനിൽ തുടരുകയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
ഹിക്‌സ് കഠിനാധ്വാനിയായ സ്ത്രീയാണെന്നും അവർ മാസ്ക് ധരിക്കുകയും മറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്തിരുന്നുവെന്നും ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ട്രംപിനോടൊപ്പം എല്ലാ യാത്രകളിലും പങ്കെടുത്ത ആളാണ് ഹിക്‌സ്. എയര്‍ഫോഴ്‌സ് വണ്ണില്‍ പ്രസിഡൻറിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരിലൊരാളുകൂടിയാണ് ഹിക്‌സ്.
കഴിഞ്ഞ ദിവസങ്ങളില്‍ ഒഹിയോയില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണവേദിയിലും ഹിക്‌സ് എത്തിയിരുന്നു. ചൊവ്വാഴ്ച ക്ലീവ്‌ലന്‍ഡില്‍ നടന്ന സംവാദ പരിപാടിയില്‍ ഹോപ് ഹിക്‌സ് പ്രസിഡൻറിനോടൊപ്പമുണ്ടായിരുന്നു.
ഈ വര്‍ഷമാദ്യമാണ് ഹിക്‌സ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയത്. നേരത്തേ വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടറായി പ്രവര്‍ത്തിച്ച ഹിക്‌സ് ട്രംപിന്റെ 2016 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ലോകത്താകെയുളള കൊവിഡ് ബാധിതരുടെ എണ്ണം 34,464,456 ആയി. വേള്ഡോമീറ്ററിെൻറ കണക്കുപ്രകാരം 1,027,042 പേരാണ് കോവിഡ് മൂലം മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 25,647,795 ആയി ഉയര്‍ന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുളള അമേരിക്കയില്‍ ഇതുവരെ 7,494,591 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 212,660 പേര്‍ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം നാല്‍പത്തിയേഴ് ലക്ഷം കടന്നു.