റോം∙ യെമനിൽ ഭീകരരുടെ തടവിലായിരുന്ന മലയാളി വൈദികൻ ഫാ. ടോം
ഉഴുന്നാലിൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. സലേഷ്യൻ സഭാ പ്രതിനിധികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വത്തിക്കാനിലെ സെലേഷ്യന്‍ സഭാകേന്ദ്രത്തിലാണ് ഫാദര്‍ ടോം ഇപ്പോഴുള്ളത്. ആരോഗ്യം വീണ്ടെടുക്കുംവരെ അദ്ദേഹം ഇവിടെ തുടരുമെന്നാണു വിവരം. ഒമാന്റെ ഇടപെടലിനെത്തുടർന്നു ഭീകരർ ചൊവ്വാഴ്ച ഇദ്ദേഹത്തെ മോചിപ്പിച്ചിരുന്നു. അന്നുതന്നെ ഒമാനിലെത്തിച്ച അദ്ദേഹത്തെ അവിടെനിന്നു വത്തിക്കാനിലുമെത്തിച്ചിരുന്നു. ഫാദർ ടോം ഉഴുന്നാലിൽ ഫ്രാൻസിസ് മാർപ്പാപ്പയെ സന്ദർശിക്കുന്നു. അതേസമയം, ഭീകരരുടെ തടവിലായിരുന്ന ഒരു ഘട്ടത്തിലും കൊല്ലപ്പെടുമെന്ന ഭയം ഉണ്ടായിരുന്നില്ലെന്നു ഫാദര്‍ ടോം ഉഴുന്നാലില്‍ വ്യക്തമാക്കി. തട്ടിക്കൊണ്ടുപോയവര്‍ ഒരിക്കല്‍പ്പോലും അപമര്യാദയായി പെരുമാറിയില്ല. ആരോഗ്യം ക്ഷയിച്ചു ശരീരഭാരം കുറഞ്ഞപ്പോള്‍ അവര്‍ പ്രമേഹത്തിനുള്ള മരുന്നുനല്‍കി പരിചരിച്ചു. മൂന്നുതവണ താവളം മാറ്റി. സ്ഥലംമാറുന്ന സമയത്തു തന്നെ ബന്ധിച്ചിരുന്നുവെന്നും ഫാദര്‍ ടോം സെലേഷ്യന്‍ സഭാ പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തടവിലായിരുന്ന കാലം മുഴുവന്‍ ധരിക്കാന്‍ ഒരു വസ്ത്രം മാത്രമേ ലഭിച്ചുള്ളുവെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, ഫാദർ ടോം കോട്ടയം രാമപുരത്തെ വീട്ടിലേക്കു വിളിച്ചു. സുരക്ഷിതനാണെന്നും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും കുടുംബാംഗങ്ങളോട് അറിയിച്ചു. എന്നാൽ നാട്ടിലേക്ക് എന്നു വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ലെന്നും ബന്ധു നിവേത എലിസബേത്ത് മനോരമ ന്യൂസിനോട് അറിയിച്ചു.