മുംബൈ: നീണ്ടകാലം ഇന്ത്യൻ നാവിക സേനയുടെ കരുത്തനായ കാവൽക്കാരനായിരുന്ന വിമാനവാഹിനി കപ്പൽ ഐ.എൻ.എസിന് ‘അന്ത്യയാത്ര’. പൊളിച്ചുമാറ്റാനായി കപ്പൽ ലോകത്തെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രമായ ഗുജറാത്തിലെ അലാങ്ങിലേക്ക് യാത്രതിരിച്ചു.
ശനിയാഴ്ച മുംബൈ ’ഗേറ്റ്വേ ഓഫ് ഇന്ത്യ’ക്കരികെ ഐ.എൻ.എസിന് രാജകീയ യാത്രയയപ്പ് നൽകിയ ശേഷമായിരുന്നു അവസാന യാത്ര. എച്ച്.എം.എസ് ഹെർമസ് എന്ന പേരിൽ നേരത്തേ ബ്രിട്ടീഷ് നാവികസേനയുടെ ഭാഗമായിരുന്ന കപ്പൽ 1987ൽ ഇന്ത്യൻ നാവിക സേന സ്വന്തമാക്കുന്നതോടെയാണ് ഐ.എൻ.എസ് വിരാട് ആകുന്നത്. ഓപറേഷൻ ജൂപിറ്റർ, ഓപറേഷൻ പരാക്രം, ഓപറേഷൻ വിജയ് തുടങ്ങിയ സൈനിക നീക്കങ്ങളിലും യു.എസ് സേനക്കൊപ്പം മലബാർ, വരുണ, നസീം അൽ ബഹ്ർ ഉൾപ്പെടെ സൈനികാഭ്യാസങ്ങളിലും പങ്കാളിയായി. കപ്പലിൽ സേവനമനുഷ്ഠിച്ച നാല് ഓഫിസർമാർ പിന്നീട് നാവിക സേന മേധാവികളായി. നീണ്ട 29 വർഷം രാജ്യത്തിെൻറ അഭിമാനമായിരുന്ന വിരാട് 2017ൽ ഡീകമീഷൻ ചെയ്തു. മ്യൂസിയമോ റസ്റ്റാറേൻറാ ആക്കി നിലനിർത്താൻ പദ്ധതിയുണ്ടായിരുന്നുവെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് അലാങ്ങിലെ ശ്രീറാം ഗ്രൂപ് പൊളിച്ചുമാറ്റാൻ 38.54 കോടിക്ക് കരാർ എടുത്തത്.
സെപ്റ്റംബർ 21ന് കപ്പൽ അലാങ്ങിലെത്തുമെന്നാണ് കരുതുന്നത്. തുടർന്ന്, മലിനീകരണ നിയന്ത്രണ ബോർഡ്, കസ്റ്റംസ് എന്നിവയുടെതുൾപ്പെടെ അനുമതിക്കു ശേഷം ഒമ്പത്- 12 മാസമെടുത്താകും പൊളിച്ചുമാറ്റൽ.