ന്യൂയോർക്ക്∙ വംശീയ ആക്രമണത്തിൽ ഇന്ത്യക്കാരനായ എൻജിനിയർ ശ്രീനിവാസ് കുച്ഭോട്‌ല കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ യുഎസിൽ ഇന്ത്യൻ വംശജനായ കടയുടമ വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ. സൗത്ത് കരോലിനയിലെ ലൻകാസ്റ്ററിൽ വ്യാപാരം നടത്തുന്ന നാൽപ്പത്തിമൂന്നുകാരനായ ഹർനീഷ് പട്ടേലിനെയാണ് അർധരാത്രിയോടെ വീടിനു സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കടയടച്ച് വീട്ടിലേക്കു പോകും വഴി അക്രമികൾ ഹർനീഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിന്റെ പലഭാഗങ്ങളിലും വെടിയേറ്റിരുന്നു. വീട്ടിൽനിന്ന് ആറു കിലോമീറ്റർ മാത്രം അകലെയായിരുന്നു ഹർനീഷ് കട നടത്തിയിരുന്നത്. വെടിയൊച്ച കേട്ട പരിസരവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. അതേസമയം, ഇത് വംശീയ ആക്രമണമാണെന്ന് സംശയിക്കുന്നില്ലെന്നു പൊലീസ് പറഞ്ഞു. ഹർനീഷിന്റെ കടയ്ക്കു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡ്. ചിത്രം: ട്വിറ്റർ കഴിഞ്ഞ മാസമാണ് ഹൈദരാബാദുകാരനായ ശ്രീനിവാസ് യുഎസിലെ കഫേയിൽവച്ച് വെടിയേറ്റു കൊല്ലപ്പെട്ടത്. അമേരിക്കയിൽനിന്ന് പുറത്തുപോകൂ എന്ന് ആക്രോശിച്ച് അക്രമി വെടിവയ്ക്കുകയായിരുന്നു. ഇതേത്തുടർന്ന് യുഎസിലാകെ വൻ പ്രതിഷേധമാണുണ്ടായത്. സംഭവത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അപലപിക്കുകയും ചെയ്തിരുന്നു.
യുഎസിൽ ഇന്ത്യക്കാരൻ വെടിയേറ്റു മരിച്ചു; ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തെ കൊലപാതകം
RELATED ARTICLES