കൊച്ചി ∙ സ്വർണക്കടത്ത് കേസിൽ നേരിട്ടു ബന്ധമുള്ള രണ്ടു പേരെ കൂടി എൻഐഎ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെത്തിയ അന്വേഷണ സംഘമാണു ഷഫീക്ക്, ഷറഫുദീൻ എന്നിവരെ പിടികൂടിയത്. ഷെഫീക്ക് പെരിന്തൽമണ്ണ സ്വദേശിയും ഷറഫുദീൻ മണ്ണാർകാട് സ്വദേശിയുമാണെന്നാണു വിവരം. നയതന്ത്ര ചാനൽ വഴി കേരളത്തിലേക്കു കടത്തുന്ന സ്വർണം സന്ദീപ് വഴി റമീസിൽ എത്തുമ്പോൾ അതു കൈപ്പറ്റി പണം മുടക്കിയവരിലേയ്ക്ക് എത്തിച്ചു നൽകുന്നതിനു നിയോഗിക്കപ്പെട്ടിരുന്നവരാണു പിടിയിലായത്.
കേരളത്തിലും പുറത്തും വിവിധ വ്യക്തികളിൽനിന്നു പണം സ്വരൂപിച്ചു ക്രൗഡ് ഫണ്ടിങ് രൂപത്തിലാണു സ്വർണത്തിനുള്ള പണം കണ്ടെത്തിയിരുന്നത് എന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തരത്തിൽ പണം നൽകിയവർക്കു റമീസിൽനിന്നു നിശ്ചിത അളവിൽ സ്വർണം എത്തിച്ചു നൽകിയിരുന്നവരാണു പിടിയിലായത്. 15 പേർ സ്വർണത്തിനായി പണം മുടക്കിയിരുന്നു എന്നാണു കണ്ടെത്തൽ. ഇന്ന് രണ്ടു പേർ കൂടി പിടിയിലായതോടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിലവിൽ എൻഐഎ അറസ്റ്റ് ചെയ്തവരുടെ എണ്ണം 14 ആയി.