ഇസ്‍ലാമബാദ്∙ 1996ൽ ഏകദിന ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറി നേടിക്കൊണ്ടാണ് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി വാർത്തകളിൽ ഇടം നേടുന്നത്. നെയ്റോബിയിൽ ശ്രീലങ്കയ്ക്കെതിരെ നടന്ന മത്സരത്തിൽ 37 പന്തിൽനിന്നാണ് അഫ്രീദി സെഞ്ചുറി തികച്ചത്. 18 വർഷത്തോളമാണ് ഈ റെക്കോര്‍ഡ് തകർക്കാനാവാതെ നിലകൊണ്ടത്. എന്നാൽ ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ അഫ്രീദിക്ക് ‘മേൽവിലാസുമുണ്ടാക്കിയ’ സെഞ്ചുറി, താരം നേടിയത് സാക്ഷാൽ സച്ചിൻ തെന്‍ഡുൽക്കറുടെ ബാറ്റുകൊണ്ടായിരുന്നെന്നാണു പുതിയ വെളിപ്പെടുത്തൽ.
അഫ്രീദിയോടൊപ്പം പാക്കിസ്ഥാൻ ടീമിൽ കളിച്ചിരുന്ന വഖാർ യുനീസിന് സച്ചിൻ സമ്മാനമായി നൽകിയ ബാറ്റു കൊണ്ടാണു താരം കരിയറിലെ നിർണായക സെഞ്ചുറി നേടിയതെന്നു ഒപ്പം കളിച്ചിരുന്ന അസർ മഹമൂദാണ് ഇപ്പോൾ തുറന്നു പറഞ്ഞത്. നെയ്റോബിയിൽ 40 പന്തിൽ 104 റണ്‍സാണ് താരം ആകെ നേടിയത്. യാദൃശ്ചികമായാണ് അഫ്രീദിക്ക് പാക്കിസ്ഥാൻ ദേശീയ ടീമിൽ അവസരം ലഭിക്കുന്നത്. ഈ സമയത്ത് പാക്കിസ്ഥാൻ എ ടീമിനൊപ്പം വിൻഡീസ് പര്യടനത്തിലായിരുന്നു താരം.
പാക്കിസ്ഥാൻ ടീമിലെ മുഷ്താഖ് അഹമ്മദിന് പരുക്കേറ്റതിനെ തുടർന്ന് അഫ്രീദിയെ സീനിയർ ടീമിലേക്കു പരിഗണിക്കുകയായിരുന്നു. ഞാൻ ആദ്യ മത്സരം കളിച്ച സഹാറ കപ്പിന് ശേഷം 1996ൽ നെയ്റോബിയില്‍ വച്ചാണ് അഫ്രീദിക്ക് ആദ്യമായി അവസരം ലഭിച്ചത്. മുഷിക്ക് (മുഷ്താഖ് അഹമ്മദ്) പരുക്കേറ്റ് കളിക്കാൻ സാധിക്കാതിരുന്നതോടെ അഫ്രീദിക്ക് ടീമിൽ ഇടം ലഭിക്കുകയായിരുന്നു– അസര്‍ മഹമൂദ് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ആദ്യ മത്സരത്തിൽ അഫ്രീദിക്ക് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. ആറാമനായിട്ടായിരുന്നു അഫ്രീദി ഇറങ്ങേണ്ടിയിരുന്നത്. ആ ദിവസങ്ങളിൽ ശ്രീലങ്കയ്ക്കായി ഓപ്പണർമാരായ ജയസൂര്യ, കലുവിതരണ എന്നിവര്‍ ആക്രമിച്ചു കളിച്ചിരുന്ന സമയമായിരുന്നു. മൂന്നാം നമ്പരിൽ ഞാനോ അഫ്രീദിയോ കളിക്കണമെന്ന് ടീമിന് തോന്നി. തുടർന്ന് ഞങ്ങളോട് നെറ്റ്സിൽ പരിശീലനം നടത്താനും പറഞ്ഞു.
നെറ്റ്സിൽ അഫ്രീദി ബോളർമാരെ കടന്നാക്രമിക്കുകയായിരുന്നു. അടുത്ത ദിവസം ശ്രീലങ്കയ്ക്കെതിരെ അഫ്രീദിയെ മൂന്നാമനായി ഇറക്കാൻ തീരുമാനിച്ചു. വഖാര് യൂനിസിന് ആ ബാറ്റ് സച്ചിൻ തെൻഡുൽക്കറിൽനിന്നു കിട്ടിയതാണെന്നാണ് എനിക്കു തോന്നുന്നത്. അത് ഉപയോഗിച്ച് അഫ്രീദി സെഞ്ചുറി നേടി. അദ്ദേഹം ഒരു ബാറ്റ്സ്മാനായി. അതുവരെ അഫ്രീദി പ്രധാനമായും ഒരു ബോളറായിരുന്നു. പക്ഷേ അദ്ദേഹത്തിന്റേതു മികച്ച ഒരു കരിയറായി മാറി– അസർ മഹമൂദ് വ്യക്തമാക്കി.
പാക്കിസഥാന്റെ എക്കാലത്തെയും മികച്ച ഏകദിന ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് ഷാഹിദ് അഫ്രീദി. പിന്നീട് പാക്കിസ്ഥാൻ ടീമിന്റെ ക്യാപ്റ്റനായ താരം 2011 ലോകകപ്പിൽ പാക്കിസ്ഥാനെ സെമി ഫൈനൽ വരെയെത്തിച്ചു. 2014ൽ ന്യൂസീലന്‍ഡ് താരം കോറി ആൻഡേഴ്സൻ 36 പന്തിൽ സെഞ്ചുറി നേടി അഫ്രീദിയുടെ റെക്കോർഡ് മറികടന്നു. 2015ൽ ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സ് 31 പന്തിൽനിന്നും സെഞ്ചുറി തികച്ചു.