ന്യൂഡൽഹി ∙ സിപിഎം കേന്ദ്രകമ്മിറ്റി (സിസി) ഈയാഴ്ചയവസാനം ചേരാനിരിക്കെ, കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഉൾപ്പെട്ട വിവാദങ്ങളെക്കുറിച്ച് സിസിയിൽ സമഗ്രമായ ചർച്ച വേണ്ടെന്നാണ് കേരളത്തിൽ നിന്നുള്ള നേതാക്കളുടെ നിലപാടെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ, സർക്കാരിന്റെയും പാർട്ടിയുടെയും പ്രതിഛായയെ ബാധിക്കുംവിധം പല വിവാദങ്ങളുണ്ടായിരിക്കുമ്പോൾ വിശദ പരിശോധന വേണമെന്നാണ് യച്ചൂരി പക്ഷത്തിന്റെ നിലപാട്.
25നും 26നും ഓൺലൈനായാണു സിസി യോഗം. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു ഉദ്യോഗസ്ഥനു മാത്രം പിഴവുണ്ടായി; കോൺഗ്രസും ബിജെപിയും ചേർന്ന് അതിന്റെ പേരിൽ വിവാദം കൊഴുപ്പിക്കുന്നു എന്നാണു സംസ്ഥാന നേതാക്കളുടെ നിലപാട്. മുഖ്യമന്ത്രിയുടെ ഓഫിസിൽ വീണ്ടും പാർട്ടിയുടെ പ്രതിനിധിയെ നിയമിച്ചു നടപടികൾ മെച്ചപ്പെടുത്താനുള്ള ശ്രമമുണ്ടാവുമെന്ന സൂചനയും അവർ നൽകിയിട്ടുണ്ട്. എന്നാൽ, അഴിമതിയെക്കുറിച്ചുള്ള പാർട്ടി നിലപാടുകൾ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴെന്നാണു മറുപക്ഷത്തിന്റെ വിലയിരുത്തൽ. വാജ്പേയി സർക്കാരിന്റെ കാലത്ത് ഓഹരി കുംഭകോണമുണ്ടായപ്പോൾ, അന്നത്തെ ധനമന്ത്രി യശ്വന്ത് സിൻഹ രാജിവയ്ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ധനമന്ത്രിയുടെ ഓഫിസിന്റെ ജാഗ്രതക്കുറവാണ് അന്ന് പാർട്ടി ചൂണ്ടിക്കാട്ടിയത്.
അഴിമതി നിരോധന നിയമത്തിൽ അഴിമതിയെ നിർവചിക്കുമ്പോൾ സ്വജനപക്ഷപാതവും ഉൾപ്പെടുത്തി വിപുലമാക്കണമെന്നാണു പാർട്ടി വാദിച്ചിട്ടുള്ളത്. ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ അനർഹമായ ആനുകൂല്യം ബോധപൂർവം നൽകുന്നത് അഴിമതിയാണെന്നും പാർട്ടി വാദിച്ചു. വഴിവിട്ട മാർഗങ്ങളിലൂടെ ലഭിക്കുന്ന കരാറുകളെക്കുറിച്ച് ലോക്പാൽ അന്വേഷിക്കണമെന്നും പാർട്ടി നിലപാടെടുത്തിട്ടുണ്ട്.
2 ജി അഴിമതിക്കാര്യത്തിൽ പ്രധാനമന്ത്രിയെ ടെലികോം മന്ത്രി എ. രാജ തെറ്റിദ്ധരിപ്പിച്ചു എന്ന നിലപാടിനെ ചോദ്യം ചെയ്യുകയും പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഒഴിഞ്ഞുമാറാനാവില്ലെന്നു പറയുകയും ചെയ്തതാണ്. ഇവയ്ക്കൊക്കെ പുറമേയാണ്, കേരളത്തിൽ വിവാദത്തിലുൾപ്പെട്ട പ്രൈസ്‌വാട്ടർ ഹൗസ് കൂപ്പേഴ്സിനെക്കുറിച്ച് സിപിഎം നേതൃത്വത്തിൽ നേരത്തേ ഇടതു പാർട്ടികൾ ഉന്നയിച്ചിട്ടുള്ള ആരോപണം.