തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ ശിവശങ്കറുമായി സ്വർണക്കടത്ത് കേസിലെ പ്രതികൾ ഫോണിൽ സംസാരിച്ചതടക്കമുള്ള കാര്യങ്ങൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും ശിവശങ്കറുമായി നിരവധി തവണ സംസാരിച്ചതായി ഫോൺ രേഖകൾ പുറത്തു വന്നിരുന്നു. ഇതു സംബന്ധിച്ച് വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കാബിനറ്റ് സെക്രട്ടറി കൂടിയായ ചീഫ് സെക്രട്ടറി അന്വേഷിച്ചാൽ സത്യം പുറത്തു വരുമോ എന്ന ആശങ്ക മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയോട് ഉന്നയിച്ചു. ഇൻറലിജൻസ് വിഭാഗത്തിൻെറയടക്കം സേവനം ഉപയോഗപ്പെടുത്തിയാണ് ചീഫ് സെക്രട്ടറി അന്വേഷണ റിപ്പോർട്ട് തയാറാക്കുക എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
നിലവിൽ ശിവശങ്കറിനെ സസ്പെൻറ് ചെയ്യാനുള്ള വസ്തുതകൾ പുറത്തു വന്നിട്ടില്ലെന്നും കൂടുതൽ കാര്യങ്ങൾ വ്യക്തമാകുന്നതിന് അനുസരിച്ച് നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫോൺ വിളികളുടെ നിജസ്ഥിതി പുറത്തുവരേണ്ടതുണ്ട്. അത്തരം കാര്യങ്ങൾ കൂടി അേൻഷണ സമിതി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.