ബംഗളൂരു / കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ ഡിപ്ലോമാറ്റിക് ബാഗേജ് ഉപയോഗിച്ച് 15 കോടിയുടെ സ്വർണം കടത്തിയ കേസിൽ പിടിയിലായ രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും നാലാം പ്രതി സന്ദീപ് നായരെയുമായി ബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് വരുന്ന എൻ.ഐ.എ സംഘം വാളയാർ അതിർത്തി പിന്നിട്ടു. വാഹനവ്യൂഹം ചെക്ക് പോസ്റ്റിലെത്തിയപ്പോൾ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാടിവീണെങ്കിലും പൊലീസ് ഇവരെ നീക്കി
പ്രതികളെ ആദ്യം കൊച്ചി എൻ.െഎ.എ ഒാഫിസിലെത്തിച്ച് വിശദമായി ചോദ്യംചെയ്യും. ഇതിന്റെ ഭാഗമായി കൊച്ചി, തിരുവനന്തപുരം കസ്റ്റംസ് ഓഫിസുകളിൽ സി.ഐ.എസ്.എഫ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്
എൻ.ഐ.എയുടെ പിടിയിലായ സ്വർണക്കടത്ത് കേസ് പ്രതികൾ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ
ഒളിവിൽപോയി എട്ടാം ദിവസം ശനിയാഴ്ച രാത്രി ഏഴോടെയാണ് ഇരുവരും പിടിയിലാകുന്നത്. ബംഗളൂരു കോറമംഗലയിലെ സുധീന്ദ്രറായ് എന്നയാളുടെ ഫ്ലാറ്റിൽ നിന്നാണ് എൻ.െഎ.എ സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സന്ദീപിെൻറ ഫോൺവിളികൾ കേന്ദ്രീകരിച്ച അന്വേഷണമാണ് താമസസ്ഥലം കണ്ടെത്താൻ സഹായിച്ചതെന്നാണ് വിവരം. ഇന്നലെയും സന്ദീപിെൻറ തിരുവനന്തപുരത്തെ വീട്ടിൽ അധികൃതർ പരിശോധന നടത്തിയിരുന്നു. ഇൗ സമയം വന്ന ഫോൺകോൾ ആണ് നിർണായകമായത്. കുടുംബത്തോടൊപ്പമാണ് സ്വപ്ന ബംഗളൂരുവിൽ കഴിഞ്ഞിരുന്നത്
കേസിൽ എഫ്.െഎ.ആർ സമർപ്പിച്ചതിന് പിന്നാലെയാണ് ഇരുവരെയും എൻ.െഎ.എ പിടികൂടിയത്. ഇതോടെ, കേസിലെ നാല് പ്രതികളിൽ മൂന്നുപേരും പിടിയിലായി. തിരുവനന്തപുരം സ്വദേശി പി.എസ്. സരിത് നേരത്തേ കസ്റ്റംസ് കസ്റ്റഡിയിലാണ്. യു.എ.ഇയിൽ നിന്ന് പാർസൽ ഒരുക്കിയ കൊച്ചി സ്വദേശി ഫാസിൽ ഫരീദാണ് പ്രതികളിൽ ഇനി പിടിയിലാവാനുള്ളത്
സ്വർണക്കടത്തു കേസിലെ രണ്ടു പ്രതികളെ പിടികൂടി എന്ന ഒരു വരി സന്ദേശമാണ് എൻ.െഎ.എ കൊച്ചി കസ്റ്റംസിനു കൈമാറിയത്. കൂടുതൽ വിവരങ്ങൾ ഒന്നും എൻ.െഎ.എ വെളിപ്പെടുത്താൻ തയാറായിട്ടില്ല