Sunday, November 24, 2024
Google search engine
HomeIndiaപടയ്‌ക്കൊരുങ്ങി ഫ്രാന്‍സില്‍നിന്ന് റഫാലുകള്‍; ചൈനയെ വിറപ്പിക്കാന്‍ യുഎസും റഷ്യയും ഒപ്പം

പടയ്‌ക്കൊരുങ്ങി ഫ്രാന്‍സില്‍നിന്ന് റഫാലുകള്‍; ചൈനയെ വിറപ്പിക്കാന്‍ യുഎസും റഷ്യയും ഒപ്പം

ന്യൂഡല്‍ഹി ∙ ചൈനീസ് ഭീഷണിക്കെതിരെ പ്രതിരോധം ഉയര്‍ത്താന്‍ ഇന്ത്യക്കു കരുത്തായി പടക്കോപ്പുകള്‍ വേഗമെത്തിക്കാന്‍ സുഹൃദ്‌രാജ്യങ്ങളുടെ വാഗ്ദാനം. അടുത്ത മാസം തന്നെ കൂടുതല്‍ റഫാല്‍ പോര്‍വിമാനങ്ങള്‍ എത്തിക്കുമെന്നു ഫ്രാന്‍സ് അറിയിച്ചു. ഇസ്രയേലില്‍നിന്നു വ്യോമപ്രതിരോധ സംവിധാനവും ഉടനെത്തും. കൂടുതല്‍ വെടിക്കോപ്പുകള്‍ അമേരിക്കയും ഒരു ബില്യൻ ഡോളറിന്റെ ആയുധങ്ങള്‍ റഷ്യയും അടുത്തു തന്നെ ഇന്ത്യയില്‍ എത്തിക്കുമെന്നാണു റിപ്പോര്‍ട്ട്.

ആയുധങ്ങള്‍ വാങ്ങാനുള്ള അനുമതി സൈന്യത്തിന്റെ മൂന്നു വിഭാഗങ്ങള്‍ക്കും നല്‍കിയതിനെ തുടര്‍ന്നു ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളും കൂടിക്കാഴ്ചകളുമാണു നടക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും മികച്ച ദീര്‍ഘദൂര എയര്‍ ടു എയര്‍ മിസൈലുകള്‍ സജ്ജമാക്കിയ റഫാല്‍ പോര്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്ന് ജൂലൈ 27-ന് ഇന്ത്യയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. നാല് ജെറ്റുകള്‍ അംബാലയില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്.

എന്നാല്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആദ്യ ഘട്ടത്തില്‍ തന്നെ കൂടുതല്‍ റഫാല്‍ ജെറ്റുകള്‍ എത്തിക്കുമെന്ന് ഫ്രാന്‍സ് പറഞ്ഞു. ഫ്രാന്‍സില്‍ പരിശീലനം ലഭിച്ച ഇന്ത്യന്‍ പൈലറ്റുമാര്‍ ആയിരിക്കും വിമാനം എത്തിക്കുക. എല്ലാ യുദ്ധസന്നാഹങ്ങളും സജ്ജമാക്കി പോരാട്ടത്തിനു തയാറാക്കിയ വിമാനങ്ങളാണ് അംബാലയില്‍ എത്തിക്കുന്നത്. ഒറ്റപ്പറക്കലില്‍ത്തന്നെ ഇന്ത്യയില്‍ എത്തുന്നതിനായി ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാനുള്ള വിമാനങ്ങളും ഫ്രാന്‍സ് അകമ്പടിയായി അയയ്ക്കും.

കാര്‍ഗില്‍ യുദ്ധസമയത്തും ഇന്ത്യക്കൊപ്പം അടിയുറച്ചുനിന്ന ഇസ്രയേല്‍ ഇക്കുറിയും ശക്തമായ പിന്തുണയാണ് അറിയിച്ചിരിക്കുന്നത്. ഈ ഘട്ടത്തില്‍ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ ഏറ്റവും ആവശ്യമുള്ള വ്യോമപ്രതിരോധ സംവിധാനം അടുത്തുതന്നെ എത്തിക്കും ഇസ്രയേല്‍ പറഞ്ഞുകഴിഞ്ഞു. ചൈന അത്യാധുനിക എസ്-400 വ്യോമപ്രതിരോധ സംവിധാനം ലഡാക്കില്‍ വിന്യസിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇസ്രയേല്‍ സൈന്യം ഇപ്പോള്‍ ഉപയോഗിക്കുന്ന പ്രതിരോധ സംവിധാനം ഇന്ത്യയിലേക്ക് എത്തിക്കുന്നത്

സൈന്യത്തിന് അടിയന്തരമായി ആവശ്യമുള്ള വെടിക്കോപ്പുകളും മിസൈലുകളാണ് റഷ്യ എത്തിക്കുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കോവിഡിനിടയില്‍ മോസ്‌കോയില്‍ പറന്നിറങ്ങി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ ഒരു ബില്യൻ ഡോളറിന്റെ ആയുധങ്ങള്‍ ഇന്ത്യയിലെത്തും. വിമാനങ്ങളില്‍നിന്നു പ്രയോഗിക്കാവുന്ന ബോംബുകളും മിസൈലുകളും ടാങ്ക് വേധ മിസൈലുകളും ആളുകള്‍ക്കു വഹിക്കാന്‍ കഴിയുന്ന വ്യോമപ്രതിരോധ സംവിധാനങ്ങളുമാണ് റഷ്യയില്‍നിന്ന് എത്തുന്നത്. 

പുതിയ സൈനിക പങ്കാളിയായ അമേരിക്കയാകട്ടെ നിര്‍ണായകമായ രഹസ്യ വിവരങ്ങളും സാറ്റലൈറ്റ് ചിത്രങ്ങളുമാണ് നല്‍കുന്നത്. ഇതോടെ അതിര്‍ത്തിയിലെ സ്ഥിതിവിശേഷങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് നീക്കങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ സൈന്യത്തിനു കഴിയും. ആവശ്യമുള്ള കാര്യങ്ങളുടെ പട്ടിക നല്‍കാനാണ് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പര്‍വതമേഖലകളിലെ യുദ്ധത്തിന് ഏറ്റവും ഗുണകരമായ, നാല്‍പതു കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ള പീരങ്കി ഉണ്ടകളും എം777 വെടിക്കോപ്പുകളും യുഎസില്‍നിന്ന് അടിയന്തരമായി എത്തുമെന്നാണു റിപ്പോര്‍ട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com