വാഷിങ്ടൺ: ഗൽവാൻ താഴ്വരയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ചൈനക്കെതിരെ ശക്തമായി പ്രതികരിച്ച് അമേരിക്ക. ഇന്ത്യക്കെതിരായ ചൈനീസ് ഭീഷണി ചെറുക്കേണ്ടതെന്ന് അമേരിക്ക വ്യക്തമാക്കി. യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് പ്രശ്നങ്ങൾ അയൽരാജ്യങ്ങളിലെ സമാധാനത്തിന് ഭീഷണിയാണ്. യൂറോപ്പിലുള്ള യു.എസ് സൈനികരെ മാറ്റി വിന്യസിക്കുമെന്നും പോംപിയോ പറഞ്ഞു. അതേസമയം, യൂറോപ്പിൽ നിന്ന് പിൻവലിക്കുന്ന സൈന്യത്തെ എവിടെയാണ് വിന്യസിക്കുക എന്ന് യു.എസ് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയെ കൂടാതെ വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, തെക്കൻ ചൈന കടൽ അടക്കം ചൈനീസ് സേനയുടെ പ്രകോപനപരമായ കടന്നുകയറ്റത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ചൈനക്കെതിരെ ആവശ്യമായ പ്രതിരോധം ഒരുക്കും. യൂറോപ്യൻ യൂണിയൻ വിേദശകാര്യ മന്ത്രിമാരുമായി ചൈനീസ് വിഷയം സംസാരിച്ചിരുന്നുവെന്നും മൈക് പോംപിയോ കൂട്ടിച്ചേർത്തു.