ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിൽ ഇന്ത്യ – ചൈന സൈനികർ ഏറ്റുമുട്ടിയ ഗൽവാൻ താഴ്‍വരയ്ക്കു പിന്നാലെ പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിലും സംഘർഷം മൂർധന്യാവസ്ഥയിൽ. മലനിരകളിൽ ഇന്ത്യയുടെ സ്ഥലത്തേക്ക് 8 കിലോമീറ്ററോളം കടന്നുകയറിയ ചൈനീസ് സേന അവിടെ ദീർഘനാൾ നിലയുറപ്പിക്കാനുള്ള നീക്കങ്ങളാണു നടത്തുന്നത്. ഗൽവാനിൽ നിന്ന് പാംഗോങ്ങിലേക്കുള്ള ദൂരം 110 കിലോമീറ്റർ.
8 മലനിരകളുള്ള പാംഗോങ്ങിൽ നാലാം മലനിര വരെയാണ് ചൈന അതിക്രമിച്ചു കയറിയിരിക്കുന്നത്. എട്ടിനും നാലിനുമിടയിലുള്ള പ്രദേശങ്ങളിൽ 62 ഇടങ്ങളിലായി സൈനികരെ പാർപ്പിക്കുന്നതിനു മുന്നൂറോളം ടെന്റുകളും നിരീക്ഷണ പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ടെന്നാണു വിവരം. ചൈനയെ പ്രതിരോധിച്ചു നാലാം മലനിരയിൽ ഇന്ത്യയുടെ വൻ സേനാ സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
ആവശ്യമെങ്കിൽ മാസങ്ങളോളം നിലയുറപ്പിക്കാൻ സജ്ജമാണെന്നും എതിരാളിയുടെ ഏതു നീക്കവും നേരിടാൻ സന്നദ്ധമാണെന്നും സേനാ വൃത്തങ്ങൾ വ്യക്തമാക്കി. ഗൽവാനിലേക്കാൾ ഗണ്യമായ സേനാ വിന്യാസമാണ് ഇവിടെയുള്ളത്. അതുകൊണ്ടു തന്നെ, സംഘർഷം ഏറ്റുമുട്ടലിലേക്കു നീണ്ടാൽ ഇരുഭാഗത്തും വൻ നാശനഷ്ടമുണ്ടാകും. സേനാ വിന്യാസത്തിന്റെ അളവിൽ കിഴക്കൻ ലഡാക്കിലെ ഏറ്റവും സംഘർഷഭരിതമായ പ്രദേശം പാംഗോങ് മലനിരകളാണെന്നു സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഇന്ത്യൻ സേനാംഗങ്ങളുടെ വീരമൃത്യുവിനിടയാക്കിയ ഏറ്റുമുട്ടലിനു ചൈനയോടു പകരം ചോദിക്കണമെന്ന വികാരം അതിർത്തിയിലെ ജവാൻമാർക്കിടയിൽ ശക്തമാണ്.
ആ വികാരം ആളിക്കത്തി, കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാനുള്ള അതീവ ജാഗ്രതയിലാണു സേനാ കമാൻഡമാർ. സംഘർഷം നിലനിൽക്കുന്ന ഹോട് സ്പ്രിങ്സിലെ പട്രോൾ പോയിന്റുകളായ 15, 17 എന്നിവയ്ക്കു സമീപവും ചൈന സന്നാഹം വർധിപ്പിക്കുകയാണ്.
പാംഗോങ്ങിലെ ചൈനീസ് തന്ത്രം
സേനാ നേതൃത്വങ്ങൾ തമ്മിൽ അതിർത്തിയിൽ നടത്തുന്ന കൂടിക്കാഴ്ചകളിൽ പാംഗോങ്ങിൽ നിന്നുള്ള പിന്മാറ്റം ചർച്ചയ്ക്കെടുക്കാൻ പോലും ചൈന സമ്മതിച്ചിട്ടില്ല. ഗൽവാൻ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിലെ തർക്കം പരിഹരിച്ച ശേഷം പാംഗോങ് ചർച്ച ചെയ്യാമെന്നാണു നിലപാട്. ഗൽവാൻ മുഴുവൻ തങ്ങളുടേതാണെന്ന വിചിത്ര വാദമുന്നയിച്ച്, അവിടെ തർക്കപരിഹാരം അനന്തമായി നീട്ടാനും ഇതിനിടെ, സേനാ സന്നാഹം പരമാവധി വർധിപ്പിക്കാനുമാണു ശ്രമം.
ഗൽവാനിലെ പിന്മാറ്റം സംബന്ധിച്ചു ധാരണയായ ശേഷം അപ്രതീക്ഷിത ഏറ്റുമുട്ടലിലൂടെ കാര്യങ്ങൾ സങ്കീർണമാക്കാൻ ചൈന തുനിഞ്ഞതും അതുകൊണ്ടാണെന്ന് ഇന്ത്യ വിലയിരുത്തുന്നു. പാംഗോങ്ങിലെ വൻ പടയൊരുക്കത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങളും ചൈനയുടെ ഗൂഢനീക്കത്തിനു തെളിവാണ്.