കാലം എല്ലാത്തിനും സാക്ഷിയാണ്. 2018 റഷ്യൻ ലോകകപ്പ് ഫുട്ബാൾ ഓർമയില്ലേ. മനോഹര കളിയുമായി സ്പെയ്ൻ ആദ്യ റൗണ്ട് പിന്നിട്ട സമയം. വൈകീട്ട് ഒരു സ്പാനിഷ് മാധ്യമം ‘ഞെട്ടിക്കുന്ന’ വാർത്ത പുറത്തുവിട്ടു. ‘ലോകകപ്പിനു ശേഷം സ്പെയ്ൻ കോച്ച് ജൂലൻ ലോപറ്റഗെയ് റയൽ മഡ്രിഡ് പരിശീലകനായി ചുമതലയേൽക്കും’. വാർത്ത പരന്ന പാടെ, സ്പാനിഷ് ക്യാമ്പിൽ അസ്വാരസ്വങ്ങൾ ഉണർന്നു. റയൽ മഡ്രിഡ് കോച്ചാകാൻ പോകുന്ന ആളുടെ കീഴിൽ കളിക്കാൻ സന്നദ്ധമല്ലെന്ന് ചില ബാഴ്സലോണ താരങ്ങൾ പ്രതികരിച്ചു. ഉടൻ തന്നെ സ്പാനിഷ് ഫുട്ബാൾ അസോസിയേഷൻെറ തീരുമാനവും പുറത്തു വന്നു. ദേശീയ മത്സരങ്ങൾക്കിടെ ക്ലബുമായി കരാർറിലേപ്പെടാൻ ശ്രമിച്ച കോച്ച് ജൂലൻ ലോപറ്റഗെയെ പുറത്താക്കുന്നു!
നാണം കെട്ട ജൂലൻ ലോപറ്റഗെയി റഷ്യ വിട്ടു നാട്ടിലേക്ക് തിരിച്ചു. എന്നാൽ, വാർത്ത തെറ്റായിരുന്നില്ല. ലോകകപ്പിനു ശേഷം സിനദിൻ സിദാൻെറ പിൻഗാമിയായി ജൂലൻ ലോപറ്റഗെയ് റയലിൽ ചുമതലയേറ്റു. എന്നാൽ, ആ മനുഷ്യൻെറ തലവര പിന്നെയും ശരിയായില്ല. സിദാൻ പടുത്തുയർത്തിയ ആ ടീമിനെ നയിക്കാനാവാതെ മാസങ്ങൾക്കുള്ളിൽ റയലിൽ നിന്നും പുറത്തായി. ഇരട്ട പ്രഹരം ജൂലൻ ലോപറ്റഗെയെ ഏൽപിച്ച ആഘാതം ചെറുതായിരുന്നില്ല.
ഫുട്ബാൾ ലോകം ഒന്നടങ്കം അയാളെ കളിയാക്കി. പക്ഷേ, ആ പരിഹാസങ്ങളെ വെല്ലുവിളിയായി ജൂലൻ ലോപറ്റഗെയ് ഏറ്റെടുത്തു. സെവിയ്യയുടെ കോച്ചായി ചുമതലയേറ്റെടുത്ത അദ്ദേഹം, തന്നെ കളിയാക്കിയവർക്ക് യൂവേഫ യൂറോപ്പ ലീഗ് കിരീടം നേടിയാണ് മറുപടി പറഞ്ഞത്.
ഇൻറർ മിലാനെതിരായ മത്സരത്തിൽ അവസാന വിസിൽ മുഴങ്ങിയപ്പോൾ ജൂലൻ ലോപറ്റഗെയ് പൊട്ടിക്കരഞ്ഞത് തൻെറ സമർപ്പണത്തിന് സമയം ഒട്ടും വൈകാതെ അംഗീകരം ലഭിച്ചതിനാലായിരുന്നു. രണ്ടു വർഷം മുമ്പ് തല താഴ്ത്തി മടങ്ങിയ അയാൾക്ക് ഒടുവിൽ ഫുട്ബാൾ ലോകം കൈയടിച്ചു.
ഫൈനൽ പോരാട്ടത്തിൽ 3-2നായിരുന്നു ഇൻറർ മിലാനെ ജൂലൻ ലോപറ്റഗെയുെട സെവിയ്യ തോൽപിച്ചത്