ജന്മമാണ് അവകാശത്തിന്‍റെ മാനദണ്ഡമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച്
ന്യൂഡൽഹി: ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധി. പെൺമക്കൾക്ക് തുല്യ സ്വത്തിന് അവകാശമുണ്ടെന്ന ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ 2005ല്‍ കൊണ്ടുവന്ന ഭേദഗതി സുപ്രീംകോടതി ശരിവച്ചു. പിതാവ് ജീവിച്ചിച്ചിരിപ്പില്ലെങ്കില്‍ പെണ്‍മക്കള്‍ക്ക് തുല്യാവകാശമില്ലെന്ന ഡല്‍ഹി ഹൈകോടതി വിധി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി. ജന്മമാണ് അവകാശത്തിന്‍റെ മാനദണ്ഡമെന്നും ആൺകുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യ അവകാശമാണെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പ്രസ്താവിച്ചു.
ഹിന്ദു കുടുംബങ്ങളുടെ പാരമ്പര്യസ്വത്തിൽ മകനെ പോലെ തന്നെ മകൾക്കും തുല്യ അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. വിവാഹശേഷം മകൻ ഭർത്താവായി തുടരുമ്പോൾ മകൾ ജീവിതകാലം മുഴുവൻ സ്‌നേഹനിധിയായ മകളായി തുടരുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.
1956 ലാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമം നിലവിൽ വന്നത്. പിന്നീട് 2005ൽ ഈ നിയമം ഭേദഗതി ചെയ്തു. 2005 ലെ ഭേദഗതി നിലവിൽ വന്ന സമയത്ത് പിതാവ് ജീവിച്ചിരുന്നോ ഇല്ലയോ എന്നത് വിഷയമല്ലായിരുന്നു. പിന്നീട് പിതാവ് ജീവിച്ചിരിപ്പില്ലെങ്കിൽ സ്വത്തിന് അവകാശമില്ലെന്ന ഡൽഹി ഹൈകോടതി വിധിയാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. 2005 ലെ ഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു. നിയമത്തിന് മുൻകാല പ്രാബല്യം നൽകിയിരിക്കുകയാണ് സുപ്രീംകോടതി വിധി.