തിരുവനന്തപുരം: വിമാനത്താവളം അദാനി ഗ്രൂപ്പിന് ലഭിച്ചതിൽ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരസ്യമായി അദാനിയെ എതിര്‍ത്ത സര്‍ക്കാര്‍ തന്നെ രഹസ്യമായി അദാനിയെ സഹായിക്കുകയായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. എന്തുകൊണ്ട് സിയാലിനെ കണ്‍സള്‍ട്ടന്‍റാക്കായില്ലെന്നും അദ്ദേഹം ചോദിച്ചു.
അദാനിക്ക് താൽപര്യമുള്ള വിമാനത്താവളത്തിന് അദാനിയുമായി ബന്ധമുള്ള കമ്പനിയുടെ സഹായം തേടിയത് സംശയാസ്പദമാണ്. അദാനിയുടെ താൽപര്യം സംരക്ഷിക്കാനായി ജറാത്ത് കേഡറിലുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ കെ.എസ്.ഐ.ഡിസിയുടെ എംഡിയാക്കി കൊണ്ടുവന്നു. കേരളം ഉറപ്പിച്ച ലേലത്തുക മനസ്സിലാക്കിയാണ് അദാനി ഉയര്‍ന്ന തുക ലേലത്തില്‍ വച്ചത്. അങ്ങനെയാണ് കേരളത്തിന് ഇത് നഷ്ടപ്പെട്ടത്.
കെ.പി.എം.ജിയുടെ കണ്‍സള്‍ട്ടന്‍സിയായുള്ള വരവ് തന്നെ ദുരൂഹമാണെന്നും ചെന്നിത്തല പറഞ്ഞു. അദാനിയുടെ താൽപര്യം സംരക്ഷിച്ച് ജനങ്ങളെ വഞ്ചിക്കുന്ന മുഖ്യമന്ത്രിയെ വിശ്വസിക്കാന്‍ കൊള്ളില്ല. ഇരയോടൊപ്പാണെന്ന് പറയുകയും വേട്ടക്കരോടൊപ്പം ഇരുട്ടിന്‍റെ മറവില്‍ വേട്ട നടത്തുകയും ചെയ്യുകയാണ് സർക്കാർ. ഈ സര്‍ക്കാരിനോടൊപ്പം പ്രതിപക്ഷമുണ്ടാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.