ന്യൂഡൽഹി: തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസ് അതീവ ഗുരുതര സംഭവമായിട്ടാണ് കേന്ദ്ര സർക്കാർ കാണുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. കേസിൽ പഴുതടച്ച അന്വേഷണം ഉണ്ടാകും. സംഭവുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. അതിനുവേണ്ട എല്ലാ നടപടികളും കേന്ദ്ര സർക്കാറിെൻറ വിവിധ ഏജൻസികൾ നടത്തും
വിഷയത്തിൽ വളരെ ദുരൂഹമായ നിലപാടാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ കൈകൊണ്ടിരിക്കുന്നത്. തെൻറ ഭരണ സംവിധാനത്തിലെ ഉന്നതനായ വ്യക്തിയുടെ പങ്ക് പുറത്തുവന്നിട്ടും കൈകഴുകി രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നത്. മുഖ്യമന്ത്രി പറയുന്നത് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാനില്ല എന്നാണ്. രാജ്യത്തെ വിമാനത്താവളങ്ങൾ കേന്ദ്രത്തിന് കീഴിലാണെന്നാണ് അദ്ദേഹം പറയുന്നത്. വിമാനത്താവളങ്ങൾ കേന്ദ്രത്തിന് കീഴിൽ ആയതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രിയുടെ വേണ്ടപ്പെട്ടവരുടെ സംരക്ഷണത്തിൽ നടന്ന കള്ളക്കടത്ത് കൈയോടെ പിടികൂടിയത്.
മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഏജൻസികളും എന്ത് ചെയ്യുന്നു എന്നാണ് കേരളത്തിലെ ജനങ്ങൾ ചോദിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്ന് തെളിഞ്ഞിട്ടും അങ്ങനെയുണ്ടായിട്ടില്ലെന്ന് പറയുന്നത് എന്തിെൻറ അടിസ്ഥാനത്തിലാണ്. കസ്റ്റംസിലെ ഏതെങ്കിലും ഉദ്യേഗാസ്ഥൻ വഴിയിൽനിന്ന് വിളിച്ചുപറയുന്ന കാര്യങ്ങളാണോ മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ മറുപടിയായി പറയേണ്ടതെന്നും മുരളീധരൻ ചോദിച്ചു.
ഐ.ടി വകുപ്പിലെ ജീവനക്കാരി കേസിൽ ഉൾപ്പെട്ടിട്ടും മുഖ്യമന്ത്രി അത് മറച്ചുവെക്കുകയാണ്. കരാർ ജീവനക്കാരി മാത്രമായ സ്ത്രീ എങ്ങനെ സർക്കാറിെൻറ പൊതുപരിപാടികളുടെ നടത്തിപ്പുകാരിയായി. അതിെൻറ ഉത്തരവാദിത്വത്തിൽ സർക്കാറിന് ഒഴിഞ്ഞുമാറനാവില്ല. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സ്ത്രീക്ക് എങ്ങനെ ഐ.ടി വകുപ്പിൽ ജോലി ലഭിച്ചു. ഐ.ടി സെക്രട്ടറിയുടെ ദുർനടപ്പും ഇടപാടുകളും എന്തുകൊണ്ട് മനസ്സിലാക്കാൻ സാധിച്ചില്ലെന്നും മന്ത്രി ചോദിച്ചു.
കേസിൽ ഉൾപ്പെട്ട പലരെയും സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ധനകാര്യ വകുപ്പിെൻറയും ആഭ്യന്തര വകുപ്പിെൻറയും നേതൃത്വത്തിലുള്ള ഏജൻസികൾ കേസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. അതേസമയം, സി.ബി.ഐ അന്വേഷണം നടത്തണമെങ്കിൽ സംസ്ഥാന സർക്കാറോ ഹൈകോടതിയോ ആവശ്യപ്പെടണമെന്നും വി. മുരളീധരൻ പറഞ്ഞു.