കൊച്ചി: സ്വർണക്കടത്തുകേസിൽ നയതന്ത്ര ബാഗേജുകളുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തുന്നതിനായി മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ആലുവയിലെ ഇ.ഡി ഓഫിസിൽ വെച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു ചോദ്യം ചെയ്യൽ. ജലീലിനെ ചോദ്യം ചെയ്തതായി എൻഫോഴ്സ്മെൻറ് മേധാവി സ്ഥിരീകരിച്ചു.
മന്ത്രിയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. സ്വർണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചും പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ചും ഇ.ഡി. ഇതിനകം ചോദ്യം ചെയ്തതായാണ് വിവരം. ഇന്നലെ രാവിലെ കൊച്ചിയിലെത്തിയ മന്ത്രി വെള്ളിയാഴ്ച രാവിലെ ഓഫിസിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു.
തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിൻെറ ഭാഗമായാണ് നയതന്ത്ര ബാഗേജ് വഴി എത്തിച്ച മതഗ്രന്ഥങ്ങൾ സംബന്ധിച്ച വിവരം പുറത്തുവരുന്നത്. തുടർന്ന് നയതന്ത്ര ബാഗേജ് വഴി എത്തിയത് മതഗ്രന്ഥങ്ങൾ തന്നെയാണോയെന്ന സംശയവും ഉയർന്നിരുന്നു
എന്നാൽ മതഗ്രന്ഥങ്ങൾ എല്ലാ വർഷവും യു.എ.ഇ എംബസികളും കോൺസുലേറ്റുകളും എല്ലാ രാജ്യങ്ങളിലും റംസാനോട് അനുബന്ധിച്ച് വിതരണം ചെയ്യാറുള്ളതായാണ് മന്ത്രിയുടെ വിശദീകരണം. നിയമവിരുദ്ധമാണെങ്കിൽ ഇവ തിരിച്ചേൽപ്പിക്കാൻ തയാറാണെന്നും ജലീൽ അറിയിച്ചിരുന്നു.
കെ.ടി. ജലീലിനെ പുറത്താക്കണമെന്ന് പ്രതിപക്ഷം കെ.ടി. ജലീലിനെ ഇ.ഡി ചോദ്യം ചെയ്തത് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിെൻറ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ജലീലിന് മന്ത്രിയായി തുടരാൻ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയാണ് കെ.ടി. ജലീലിനെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം ആക്ഷേപിച്ചു. ഇനിയും അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
ജലീലിൻെറ രാജി സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് ധാർമിക ബാധ്യതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. ആരോപണങ്ങളുടെ നീർച്ചുഴിയിലാണ് സർക്കാർ. ഇത്തരം നാണംകെട്ട അവസ്ഥക്ക് മുഖ്യമന്ത്രിയാണ് ഉത്തരാവാദിയെന്നും മുല്ലപ്പള്ളി വിമർശനമുന്നയിച്ചു. ഹവാല ഇടപാടുകളിലും മയക്കുമരുന്ന് ഇടപാടിലും പ്രധാന നായകനായി നിൽക്കുന്നത് പാർട്ടി സെക്രട്ടറിയുടെ മകനാണ്. സി.പി.എം ഒരു പൊട്ടിത്തറിയുടെ വക്കിലാണ്. കാര്യങ്ങളെ നിസാരമായി കാണരുതെന്നും മുല്ലപ്പള്ളി പ്രസ്താവിച്ചു. ജലീലിൻെറ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് ബി.ജെ.പി പ്രസിഡൻറ് കെ. സുരേന്ദ്രനും പറഞ്ഞു.