റിയ ചക്രവർത്തി സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.
ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിെൻറ മരണം സി.ബി.ഐ അന്വേഷിക്കുമെന്ന് സുപ്രീം കോടതി. മുംബൈ പൊലീസ് ഇതുവരെ ശേഖരിച്ച തെളിവുകൾ അന്വേഷണ ഏജൻസിക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.
സുശാന്ത് സിങ്ങിൻെറ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിഹാർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത നടപടി ശരിയാണെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടാൻ ബിഹാറിന് അർഹതയുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
സുശാന്തിെൻറ കുടുംബം പാട്നയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസ് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുഹൃത്തും നടിയുമായ റിയ ചക്രവർത്തി സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.
ജൂൺ 14 നാണ് സുശാന്ത് സിങ്ങിനെ (34) മുംബൈ അപ്പാർട്ട്മെൻറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്നും സുശാന്തിന് വിഷാദരോഗം ബാധിച്ചിരുന്നുവെന്നുമാണ് മുംബൈ പൊലീസ് കണ്ടെത്തിയത്.
എന്നാൽ മകെൻറ കാമുകി റിയ ചക്രവർത്തിയും കുടുംബവും സുശാന്തിനെ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ചൂണ്ടിക്കാട്ടി പിതാവ് കെ.കെ സിങ് ബിഹാറിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു
നടൻെറ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും കോടിക്കണക്കിന് രൂപ അക്കൗണ്ടിൽ നിന്ന് എടുത്തതായുമുള്ള പിതാവിൻെറ പരാതിയിൽ ബിഹാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് സി.ബി.ഐ അന്വേഷണത്തിനും എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിെൻറ അന്വേഷണത്തിനും വഴിവെക്കുകയായിരുന്നു.
എന്നാൽ സുശാന്ത് സിങ്ങിൻെറ പിതാവ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും റിയ നിഷേധിച്ചിരുന്നു. മുംബൈ പൊലീസ് അന്വേഷണത്തെ അസാധുവാക്കാനുള്ള ബിഹാറിെൻറ നീക്കം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയമാണെന്നാണ് റിയ കോടതിയിൽ വാദിച്ചത്.