തിരുവനന്തപുരം: ഉറവിടം കണ്ടെത്താനാകാത്ത കോവിഡ് കേസുകൾ സമൂഹ വ്യാപന സൂചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ രോഗബാധിതരിൽ 40 ശതമാനം ഇൗ വിഭാഗത്തിൽ പെടുന്നവയാണ്. എന്നാൽ കേരളത്തിൽ രണ്ട് ശതമാനം മാത്രമാണ്. ഉറവിടം അജ്ഞാതമായ കേസുകളിൽ ഇടപെടലും അന്വേഷണവും നടത്തുകയാണ്. പ്രത്യേക ക്ലസ്റ്ററുകളും കണ്ടയ്ൻമെൻറ് സോണുകളും പ്രഖ്യാപിച്ചാണ് പ്രതിരോധം. ഇതുവരെ സമൂഹ വ്യാപനം തടയാനായി. വ്യാപന തോത് തടയാൻ എല്ലാ മാർഗവും തേടുകയാണ്. ലക്ഷണമില്ലാത്ത കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. മേയ് നാലിന് ശേഷം 2811 പേർക്കാണ് രോഗം ബാധിച്ചത്.
ഇതിൽ 2545 പേർ മറ്റ് രാജ്യങ്ങളിൽനിന്ന് വന്നവരാണ്. ജൂൺ 15 മുതൽ 22 വരെയുള്ള രോഗബാധിതരിൽ 95 ശതമാനവും ഇതരസംസ്ഥാനങ്ങളിൽ നിന്നോ, രാജ്യങ്ങളിൽ നിന്നോ മടങ്ങിയെത്തിയവരാണ് -മുഖ്യമന്ത്രി പറഞ്ഞു. വീട്ടിലും വേണം കരുതൽ ലക്ഷണം കാണാത്തവരിൽനിന്ന് പകർച്ചക്ക് സാധ്യത കുറവാണ്. അതേസമയം സംസ്ഥാനത്ത് ഇത്തരം കേസുകൾ പ്രശ്നം സൃഷ്ടിക്കും. വീട്ടിൽ പ്രായമാവരും കുഞ്ഞുങ്ങളും രോഗബാധയുള്ളവരുമുെണ്ടങ്കിൽ ഇവരിലേക്ക് പകരാൻ സാധ്യത കൂടുതലാണ്.
പുറത്തെ കരുതലും ജാഗ്രതയും വീട്ടിലും ഉണ്ടാകണം, വയോജനങ്ങളുണ്ടെങ്കിൽ പ്രത്യേകിച്ചും. മൂന്ന് ജില്ലകളിൽ നിയന്ത്രണം തൃശൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ സമ്പർക്കപകർച്ച നിരക്ക് കൂടുതലാണെന്നും ഇവിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി. തിരുവനന്തപുരത്ത് വില്ലേജ് ഒാഫിസ് മുതൽ സെക്രേട്ടറിയറ്റ് വരെയുള്ള ഒാഫിസുകളിൽ സന്ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തും. തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേർക്കാണ് രോഗമുണ്ടായത്.
ബ്യൂട്ടി പാർലറുകളടക്കം തുറന്നിട്ടുണ്ടെങ്കിലും പലയിടത്തും മാനദണ്ഡം പാലിക്കുന്നില്ല. ഇൗ സാഹചര്യം തുടർന്നാൽ ഇളവ് തുടരണോ എന്ന കാര്യം ആലോചിക്കേണ്ടിവരും.കോവിഡ് ബാധിച്ച് അഭിനയിക്കാൻ പോയവർ ഇവിടെയുണ്ട്. പനിയുണ്ടായിട്ടും ചുറ്റിക്കറങ്ങിയിട്ടുണ്ട്. പ്രതിരോധമാണ് പ്രധാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.