തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടുപേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. വയനാട്, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്.
കോഴിക്കോട് കൊയിലാണ്ടി പുത്തൻപുരയിൽ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളാണ് (64) കോവിഡ് ബാധിച്ച് മരിച്ചത്. രക്തസമ്മർദം, പ്രമേഹം എന്നിവക്ക് ചികിത്സ തേടിയാണ് ബാഫഖി തങ്ങളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് ആന്‍റിജൻ പരിശോധന നടത്തിയത്.
കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മുസ് ലിം ലീഗ് സ്ഥാപകാംഗമായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ സഹോദരി പുത്രനാണ്.
വയനാട് നെല്ലിയമ്പം മൈതാനികുന്ന് സ്വദേശി അവറാൻ (65) ആണ് മരിച്ചത്. കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അർബുദ രോഗത്തെ തുടർന്ന് അവശതയിലായിരുന്ന അവറാന് കഴിഞ്ഞ ദിവസം കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വൈറസ് ബാധ പിടിപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കബറടക്കം നെല്ലിയമ്പം ജുമാ മസ്ജിദിൽ കോവിഡ് മാർഗനിർദേശ പ്രകാരം നടക്കും.
ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 122 ആയി. ചൊവ്വാഴ്ച മാത്രം അഞ്ച് പേർ വൈറസ് ബാധിച്ച് മരിച്ചിരുന്നു.