ജില്ല െപാലീസ് മേധാവിമാര്‍ക്കും ഡി.ജി.പി ഇതുസംബന്ധിച്ച നിര്‍ദേശം നല്കി
തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ല െപാലീസ് മേധാവിമാര്‍ക്ക് നിർദേശം നല്കി. ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ബസ് സ്റ്റോപ്, മാര്‍ക്കറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണിത്.
സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും കണ്ട്രോള് റൂം വാഹനങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പട്രോളിങ് വാഹനങ്ങള്‍ ഇതിനായി മാത്രം ഉപയോഗിക്കും. സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ കൂട്ടംകൂടുന്ന സ്ഥലങ്ങളില്‍ മൈക്ക് അനൗണ്‍സ്മെൻറ് നടത്തി ബോധവത്കരിക്കും.
പട്രോളിങ് വാഹനങ്ങളില്‍ വനിത പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. തിരുവനന്തപുരം നഗരത്തിൽ കോവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യത്തില്‍ പൊലീസ് പരിശോധന കര്‍ശനമാക്കാനും നിയന്ത്രണങ്ങള്‍ നടപ്പാക്കാനും സിറ്റി പൊലീസ് കമീഷണര്‍ക്കും ക്രമസമാധാനവിഭാഗം ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ക്കും പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്.