തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി സമ്പാദിച്ചെന്ന പരാതിയിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ കേൻറാൺമെൻറ് പൊലീസ് തിങ്കളാഴ്ച രാത്രിയോടെ കേസെടുത്തു. സ്വപ്നക്ക് പുറമെ അവരെ നിയമിച്ച കൺസൾട്ടൻസി പി.ഡബ്ല്യു.സി, ഏജൻസിയായ വിഷൻ ടെക്നോളജീസ് എന്നിവയെയും പ്രതിസ്ഥാനത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്വപ്ന സുരേഷ് മഹാരാഷ്ട്രയിലെ ബാബാ സാഹേബ് അംബേദ്കർ സർവകലാശാലയുടെ വ്യാജ ബി.കോം സർട്ടിഫിക്കറ്റ് സമർപ്പിച്ചാണ് ഐ.ടി വകുപ്പിന് കീഴിലെ സ്ഥാപനത്തിൽ ജോലി നേടിയതെന്ന് വ്യക്തമായിട്ടും കേസെടുക്കാൻ പൊലീസ് തയാറായിരുന്നില്ല. ഒടുവിൽ സ്വപ്‌ന ജോലി ചെയ്ത കെ.എസ്.ഐ.ടി.െഎ.എല്‍ അധികൃതർ രേഖാമൂലം നൽകിയ പരാതിയിലാണ് കേസെടുത്തത്.
സർവകലാശാല പരാതി നൽകും
തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചെന്നാരോപിച്ച് സ്വപ്ന സുരേഷിനെതിരെ ബാബാ സാഹേബ് അംബേദ്കര്‍ സര്‍വകലാശാല മഹാരാഷ്ട്ര പൊലീസിൽ പരാതി നല്‍കും. സർവകലാശാലയുടെ ബി.കോം സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിനേടിയ സംഭവത്തിലാണിത്.