ന്യൂഡൽഹി: കോൺഗ്രസ് അനുഭാവികളായ തങ്ങളുടെ പിന്തുണ ബി.ജെ.പിക്കാണെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയ ബോളിവുഡ് നടി കങ്കണ റണാവത്തിെൻറ മാതാവ് ആശ റണാവത്തിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് ബി.ജെ.പി.
കങ്കണക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കിയതിന് കേന്ദ്ര സർക്കാറിന് നന്ദി അറിയിച്ച ആശ കഴിഞ്ഞ ദിവസമാണ് തങ്ങളുെട കോൺഗ്രസ് പാരമ്പര്യം വ്യക്തമാക്കിയതും ബി.ജെ.പിയോടാണ് നിലവിൽ താൽപര്യമെന്നും സൂചിപ്പിച്ചിരുന്നു.
കങ്കണയുടെ സ്വദേശമായ ഹിമാചൽ പ്രദേശ് ബി.ജെ.പി ഘടകം ആശാ റണാവത്തിനെ ഔദ്യോഗികമായി പാർട്ടിയിലേക്ക് ക്ഷണിച്ചു.
‘അവരുടെ പ്രസ്താവന ഞാനും മാധ്യമങ്ങളിലൂടെ കണ്ടിരുന്നു. മകൾക്ക് സുരക്ഷ ഒരുക്കിയതിന് അവർ ബി.ജെ.പിക്ക് നന്ദി അറിയിച്ചു. കോൺഗ്രസ് അനുഭാവികളായ അവർ ബി.ജെ.പിയെ പിന്തുണക്കുമെന്ന് പറഞ്ഞിരുന്നു’- ഹിമാചൽ ബി.ജെ.പി അധ്യക്ഷൻ സുരേഷ് കുമാർ കശ്യപ് പറഞ്ഞു.
‘അവർ ഇതുവരെ ഔദ്യോഗികമായി പാർട്ടിയിൽ അംഗമായിട്ടില്ല. അവരുമായി ഞാൻ സംസാരിച്ചിട്ടില്ല. ബി.ജെ.പിയിൽ ചേരാൻ താൽപര്യപ്പെട്ടാൽ തീർച്ചയായും ഞങ്ങൾ സ്വഗതം ചെയ്യും’- അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് ആശ തങ്ങളുടെ കോൺഗ്രസ് ബന്ധം തുറന്നു പറഞ്ഞത്. ‘ഞങ്ങൾ കോൺഗ്രസ് അനുഭാവികളായിരുന്നു. കങ്കണയുടെ മുത്തച്ഛൻ കോൺഗ്രസ് പാർട്ടിയിൽ അംഗമായിരുന്നു. ഇപ്പോൾ ബി.ജെ.പിയാണ് ഞങ്ങളെ സഹായിച്ചത്. അമിത് ഷാ കങ്കണയെ പിന്തുണക്കുകയും അവൾക്ക് സുരക്ഷ ഒരുക്കുകയും ചെയ്തു’ ആശ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നടൻ സുശാന്ത് സിങ് രജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ടാണ് മഹാരാഷ്ട്ര സർക്കാരും കങ്കണയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടാൻ തുടങ്ങിയത്. കങ്കണ മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് ഉപമിക്കുകയും മുംബൈ പൊലീസിനെ വിമർശിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ കങ്കണയുടെ ബാന്ദ്രയിലെ ഓഫിസ് കെട്ടിടം ശിവസേനയുടെ നേതൃത്വത്തിലുള്ള ബ്രിഹാൻ മുംബൈ കോർപറേഷൻ പൊളിച്ചു തുടങ്ങി. കെട്ടിടം നിർമിച്ചത് അനധികൃതമായെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.എം.സി പൊളിക്കൽ നടപടി ആരംഭിച്ചത്. നിലവിൽ നടപടി ബോംബെ ഹൈകോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
ബി.എം.സിയുടെ പൊളിച്ചുനീക്കൽ നടപടിക്ക് ശേഷവും കങ്കണ ശിവസേനക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. എം.പി സഞ്ജയ് റാവുത്തിനെയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും വ്യക്തിപരമായി വിമർശിക്കുകയും ചെയ്തു.