തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസും വിവാഹിതരായി. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ ലളിതമായ ചടങ്ങുകളോടെയാണ് ഇരുവരും വിവാഹ റജിസ്റ്ററിൽ ഒപ്പുവച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തിയ ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. അൻപതു പേരെ മാത്രമാണ് ചടങ്ങിൽ ക്ഷണിച്ചത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിൽ നടന്ന വിവാഹച്ചടങ്ങെന്ന അപൂർവതയും ഈ വിവാഹത്തിനുണ്ട്. വിവാഹമോചിതരായ ഇരുവരുടെയും പുനർവിവാഹമാണിത്. പിണറായിയുടെയും കമലയുടെയും ഏക മകളാണു വീണ. ഐടി ബിരുദധാരിയായ വീണ ആറു വർഷം ഓറക്കിളിൽ പ്രവർത്തിച്ച ശേഷം തിരുവനന്തപുരത്ത് ആർപി ടെക്സോഫ്റ്റ് ഇന്റർനാഷനലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി. 2014 മുതൽ ബെംഗളൂരുവിൽ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനറെ എംഡിയാണ്. അബുദാബിയിൽ ഒരു ബാങ്കിൽ ജോലി ചെയ്യുന്ന വിവേക് കിരൺ സഹോദരൻ.
മുൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ പി.എം. അബ്ദുൽ ഖാദറിന്റെയും അയിഷാബിയുടെയും മകനായ റിയാസ് കോഴിക്കോട് കോട്ടൂളി സ്വദേശിയാണ്. എസ്എഫ്ഐയിലൂടെയും ഡിവൈഎഫ്ഐയിലൂടെയും വളർന്നു സിപിഎം യുവനേതൃനിരയിൽ ശ്രദ്ധേയനായി മാറിയ റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. 2017ൽ അഖിലേന്ത്യാ അധ്യക്ഷനായി. 2009ൽ കോഴിക്കോട് ലോക്സഭാ സീറ്റിൽ മത്സരിച്ച് എം.കെ.രാഘവനോട് 838 വോട്ടിനു പരാജയപ്പെട്ടു.