1,70,000ത്തോളം അപേക്ഷകളാണ് ലഭിച്ചത്
മലപ്പുറം: വിദേശത്തുനിന്ന് തിരിച്ചെത്തിയവർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധസഹായ വിതരണം വൈകുന്നു. വിദേശത്തുനിന്ന് തിരിച്ചെത്തുകയും ലോക്ഡൗൺ മൂലം തൊഴിലിടങ്ങളിലേക്ക് മടങ്ങിപ്പോകാനും സാധിക്കാത്തവർക്ക് അടിയന്തര ധനസഹായമായി 5,000 രൂപ മാർച്ച് അവസാനവാരമാണ് പ്രഖ്യാപിച്ചത്. നോർക്ക മുഖേന സഹായം നൽകുമെന്നായിരുന്നു പ്രഖ്യാപനം.
അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഏപ്രിൽ 30വരെ നീട്ടിയിരുന്നു. സമയപരിധി അവസാനിച്ച് 50 ദിവസമായിട്ടും വിതരണം തുടങ്ങിയിട്ടില്ല. ജൂൺ ആദ്യവാരം മുതൽ നൽകുമെന്നാണ് അറിയിച്ചിരുന്നത്. 1,70,000 ത്തോളം അപേക്ഷകളാണ് നോർക്ക മുഖേന ലഭിച്ചത്. അപേക്ഷകൾ പരിശോധിച്ചതിൽ 85,000ത്തോളം പേർക്കാണ് സഹായം ലഭിക്കാൻ സാധ്യത.
2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശരാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തുകയും ലോക്ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് പോകാൻ സാധിക്കാതെ വരുകയും ചെയ്യുന്നവരിൽ കാലാവധിയുള്ള പാസ്പോർട്ട്, വിസ എന്നിവയുള്ളവർക്കും ഈ കാലയളവിൽ വിസയുടെ കാലാവധി കഴിഞ്ഞവർക്കുമാണ് ധനസഹായം പ്രഖ്യാപിച്ചത്. പാസ്പോർട്ട്, വിസ, ബാങ്ക് വിശദാംശങ്ങൾ അടക്കം ഒാൺലൈനായാണ് അപേക്ഷ സമർപ്പിച്ചത്. അപേക്ഷകരിൽ പലർക്കും ഇവിടെ സ്വന്തം അക്കൗണ്ട് ഉണ്ടായിരുന്നില്ല.