വാർസോ: പോളണ്ടിലെ വാർസോ മൃഗശാലയിലെ ആഫ്രിക്കൻ ആനകളുടെ നേതാവും ഏറ്റവും മുതിർന്നവളുമായ എർനയുടെ മരണത്തിന് പിന്നാലെയാണ് അത് സംഭവിച്ചത്. കഴിഞ്ഞ മാർച്ചിൽ എർന വിടപറഞ്ഞതോടെ മൃഗശാലയിലുണ്ടായിരുന്ന മറ്റ് മൂന്ന് ആനകളും വിഷാദ രോഗത്തിന് അടിമയായത്രേ.. അതിന് പരിഹാരമായി മൃഗശാല അധികൃതർ കണ്ടെത്തിയ വഴി ആനകൾക്ക് കഞ്ചാവ് നൽകുകയെന്നതാണ്.
സാധാരണ കഞ്ചാവല്ല, മറിച്ച് മരുന്നായി ഉപയോഗിക്കുന്ന മെഡിക്കൽ മരിജുവാനയാണ് നൽകിയത്. പരീക്ഷണാടിസ്ഥാനത്തിൽ കഞ്ചാവിൽ നിന്നും വേർതിരിച്ചെടുത്ത സാന്ദ്രത കൂടിയ ദ്രാവക രൂപത്തിലുള്ള സിബിഡി ഒായിൽ ആനകൾക്ക് നൽകുകയായിരുന്നു. ലോകത്ത് ആദ്യമായാണ് ആനകളുടെ മാനസിക സമ്മർദ്ദം കുറക്കാനായി സിബിഡി ഒായിൽ ഉപയോഗിക്കുന്നത്. നായകൾക്കും കുതിരകൾക്കും ചികിത്സയുടെ ഭാഗമായി മെഡിക്കൽ മരിജുവാന നൽകാറുണ്ട്. സിബിഡി ഒായിൽ ഉന്മാദം നൽകുകയോ കരളിനും വൃക്കക്കും ദോഷകരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുകയോ ചെയ്യില്ലെന്ന് പ്രധാന മൃഗ ഡോക്ടർ പറഞ്ഞു.
എർനയുടെ മരണത്തിന് ശേഷം ആനകളുടെ പെരുമാറ്റ രീതികളും ഹോർമോൺ അളവും നിരീക്ഷിച്ചതിന് ശേഷമായിരുന്നു വിഷാദ രോഗമുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്. നിലവിൽ ദിവസം മൂന്ന് തവണ വീതമാണ് സിബിഡി ഒായിൽ ആനകൾക്ക് നൽകുന്നത്. ആനകളിലെ പരീക്ഷണം വിജയിക്കുകയാണെങ്കിൽ മൃഗശാലകളിലെ കൂടുതൽ ജീവികളിൽ മെഡിക്കൽ മരിജുവാന പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. അതേസമയം, പഴയ നിലയിലേക്ക് ആനകളെ എത്തിക്കാൻ വർഷങ്ങൾ എടുത്തേക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.