ന്യൂഡൽഹി: ലോക്ഡൗണിനിടെ മരണപ്പെട്ട അന്തർ സംസ്ഥാന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക കണക്ക് രേഖപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. മൺസൂൺ സമ്മേളനത്തിനായി ചേർന്ന ലോക്സഭയിൽ കേന്ദ്ര തൊഴിൽ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
അപ്രതീക്ഷിതമായി ലോക്ഡൗൺ പ്രഖ്യാപിച്ചതിനിടെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ തൊഴിലിടങ്ങളിൽ നിന്നായി ആയിരക്കണക്കിന് തൊഴിലാളികളാണ് കാൽനടയായും മറ്റും സ്വദേശങ്ങളിലേക്ക് തിരിച്ചത്. അനാരോഗ്യം മൂലവും അപകടങ്ങളിൽപെട്ടും നിരവധി പേർ മരിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ധനസഹായമോ നഷ്ടപരിഹാരമോ സർക്കാർ നൽകുമോ എന്നായിരുന്നു ചോദ്യം. എന്നാൽ മരിച്ച തൊഴിലാളികളുടെ ആകെ എണ്ണമോ സംസ്ഥാനം തിരിച്ച് മരണം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് തൊഴിൽ മന്ത്രാലയത്തിെൻറ ചുമതലയുള്ള സഹമന്ത്രി സന്തോഷ് കുമാർ ഗാങ്വാർ അറിയിച്ചു.
1.04 കോടിയിലധികം ഇതരസംസ്ഥാന തൊഴിലാളികളാണ് ലോക്ഡൗണിനെ തുടർന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയത്. ഉത്തർപ്രദേശിൽ മാത്രം 34.4 ലക്ഷം പേർ തിരിച്ചെത്തി. ബിഹാറിൽ 15 ലക്ഷം പേരും രാജസ്ഥാനിൽ 13 ലക്ഷം പേരും തിരിച്ചെത്തി. ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തിനായി ഇന്ത്യൻ റെയിൽവേ 4,611 ശ്രമിക് പ്രത്യേക തീവണ്ടി സർവീസുകൾ നടത്തി. 63.07 ലക്ഷം തൊഴിലാളികളെ യു.പി, ബിഹാർ, ഝാർഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലെത്തിച്ചു. തൊഴിലാളികളുടെ യാത്രക്കായും അല്ലാത്തവരെ പാർപ്പിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദേശം നൽകിയിരുന്നതായും മന്ത്രി ലോക്സഭയിൽ അറിയിച്ചു.
മാധ്യമങ്ങൾ പുറത്തുവിട്ട കണക്ക് പ്രകാരം റെയിൽ വേ ശ്രമിക് പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തുന്നതു വരെ 80 ഒാളം തൊഴിലാളികൾ മരിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ക്ഷേമ പദ്ധതികൾ എല്ലാവരിലേക്കും എത്തിക്കുന്നതിന് ഇതര സംസ്ഥാനതൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നതായും തൊഴിൽ വകുപ്പ് മന്ത്രി അറിയിച്ചു. തമിഴ്നാട്ടിലെ തൊഴിലാളികൾ നേരിട്ട പ്രശ്നങ്ങളെ കുറിച്ച് ഉയർന്ന ചോദ്യത്തിന്, ഇന്ത്യ ഒരു രാജ്യമെന്ന നിലയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളും പ്രാദേശിക ഭരണകൂടങ്ങളും സ്വയം സഹായ സംഘങ്ങളും റെസിഡൻഷ്യൽ അസോസിയേഷനുകളും സർക്കാർ ഇതര സംഘടനകളും ആരോഗ്യ പ്രവർത്തകരും ശുചീകരണ തൊഴിലാളികളും തുടങ്ങി, രാഷ്ട്രം അപ്രതീക്ഷമായെത്തിയ കോവിഡ് മഹാമാരിക്കെതിരെ പോരാടുകയാണുണ്ടായത്. അതിൽ തമിഴ്നാടും ഉൾപ്പെടും എന്നായിരുന്നു മന്ത്രിയുടെ മറുപടി.