പ്രേത സിനിമകൾ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. അങ്ങ് ഹോളിവുഡ് മുതൽ ഇങ്ങ് മോളിവുഡ് വരെ സൂപ്പർഹിറ്റുകളായ ഒരുപാട് ഹൊറർ സിനിമകളുണ്ട്. മലയാളത്തിൽ ആകാശഗംഗയും ഇൗയടുത്തിറങ്ങിയ എസ്രയുമൊക്കെ ജനങ്ങൾ ഭയത്തോടെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവയാണ്.
ഏറ്റവും പേടിപ്പെടുത്തുന്ന പ്രേത സിനിമയേതാണെന്ന് അറിയാൻ കൗതുകമുണ്ടോ…? പേടി എന്നത് ഒാരോരുത്തർക്കും പലതിനോടായതിനാൽ ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന ചിത്രമേതാണെന്ന് കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും. എന്നാൽ, ശാസ്ത്രം ഉപയോഗിച്ച് എന്തെങ്കിലുമൊരു ഉത്തരം നമുക്ക് കണ്ടെത്താൻ കഴിയും.
ഇൗയിടെ ബ്രോഡ്ബാൻഡ് ചോയ്സസ് എന്ന ബ്രിട്ടീഷ് കമ്പനി ഏറ്റവും ഭയാനകമായ സിനിമയേതാണെന്ന് കണ്ടെത്താനായി ഒരു ശാസ്ത്രീയ പഠനം തന്നെ നടത്തി. 50 പേരെ പങ്കെടുപ്പിച്ച് ഒാരോരുത്തരുടേയും ഹൃദയമിടിപ്പിനെ അടിസ്ഥാനമാക്കിയാണ് വിശദമായ പഠനം. കാണാനായി 1973ൽ ഇറങ്ങിയ The Exorcist, 2003ലെ The Ring തുടങ്ങിയ നിരവധി സിനിമകൾ തെരഞ്ഞെടുത്തു.
ഗവേഷണത്തിന് മുന്നിട്ടിറങ്ങിയവർ ഒടുവിൽ അത് കണ്ടെത്തി. 2012ൽ പുറത്തിറങ്ങിയ ‘സിനിസ്റ്റർ'(Sinister) ആയിരുന്നു കാഴ്ച്ചക്കാരിൽ ഭയങ്കരമായ ഭീതി വിതച്ച സിനിമ. സ്കോട്ട് ഡിക്കിൻസൺ ചിത്രമായ സിനിസ്റ്റർ തെരഞ്ഞെടുക്കാൻ ഗവേഷകർക്ക് കാരണങ്ങളുമുണ്ട്. സിനിമ പ്രദർശിപ്പിക്കുന്നതിന് മുമ്പുള്ള 50 പേരുടെ ശരാശരി റെസ്റ്റിങ് ഹൃദയമിടിപ്പ് 65 ബീറ്റ്സ് പെർ മിനിറ്റായിരുന്നു. സിനിമ ആരംഭിച്ചതുമുതൽ എല്ലാവരുടേയും ശരാശരി ഹൃദയമിടിപ്പ് 85 bpm ആയി ഉയർന്നു. സിനിസ്റ്റർ കണ്ടുകൊണ്ടിരിക്കവേ ഏറ്റവും പേടിച്ച ഒരാളുടെ ഹാർട്ട് റേറ്റ് 131 ബീറ്റ്സ് പെർ മിനിറ്റാണ്.
എന്നാൽ, ആളുകൾ ഏറ്റവും കൂടുതൽ പേടിച്ച രംഗമുള്ള സിനിമ 2010ൽ പുറത്തിറങ്ങിയ ഇൻസിഡ്യസാണ് (Insidious). അതേസമയം ഹൃദയമിടിപ്പുകളുടെ എണ്ണം അളന്ന് ആളുകളുടെ പേടിക്ക് മാർക്കിട്ടപ്പോൾ ‘സിനിസ്റ്റർ’ തുടക്കം മുതൽ അവസാനം വരെ കണ്ടവരിൽ എല്ലാവരും പരമാവധി പേടിച്ചതായി കണ്ടെത്തുകയായിരുന്നു. നിലവിൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന സിനിമ തിയറ്ററിലും വലിയ വിജയമായിരുന്നു.