ന്യൂഡൽഹി: ലഡാക്കിൽ ചൈനീസ് ആക്രമണത്തിൽ 20ഓളം ഇന്ത്യൻ സൈനികർക്ക് വീരമൃത്യുവെന്ന് റിപ്പോർട്ട്. മരണസംഖ്യ ഉയർന്നേക്കാമെന്നും മൂന്നുമണിക്കൂറിലേറെ സംഘർഷം നീണ്ടതായും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 43ഓളം ചൈനീസ് സൈനികർക്ക് പരിക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്
ലഡാക്കിൽ ഇന്ത്യ -ചൈന സംഘർഷത്തിൽ കമാൻഡിങ് ഓഫിസർ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യുവെന്ന് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി സംഘർഷം നിലനിൽക്കുന്ന ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം
16 ബിഹാർ ബറ്റാലിയൻ കമാൻഡിങ് ഓഫിസർ ആന്ധ്ര വിജയവാഡ സ്വദേശിയായ കേണൽ സന്തോഷ് ബാബുവും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. 1975ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ -ചൈന സംഘർഷത്തിൽ സൈനികർക്ക് ജീവൻ നഷ്ടമാകുന്നത്. പ്രശ്ന പരിഹാരത്തിന് ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ ചർച്ച തുടങ്ങിയിരുന്നു