രാജ്യത്ത് ഏറ്റവും കൂടുതൽ ദൂരം യാത്ര നടത്തുന്ന ട്രെയിൻ, കോവിഡ് കാലത്ത് ഇന്നലെ കേരളത്തിൽ നിന്നു യാത്ര പുറപ്പെട്ടു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നു നാഗാലാൻഡിലെ ദിമാപൂരിലേക്കുള്ള ശ്രമിക് സ്പെഷൽ ട്രെയിനാണ് ഇന്നലെ ഉച്ച തിരിഞ്ഞ് 2 മണിക്കു യാത്ര ആരംഭിച്ചത്. 13ന് രാവിലെ 5.45ന് ദിമാപൂരിൽ എത്തുമ്പോൾ ട്രെയിൻ 4322 കിലോമീറ്റർ ദൂരം യാത്ര ചെയ്യും.
കേരളത്തിൽ എറണാകുളം ജംക്‌ഷൻ, പാലക്കാട് ജംക്‌ഷൻ എന്നിവിടങ്ങളിലാണു സ്റ്റോപ്പുകളുള്ളത്. ഏകദേശം 1300 യാത്രക്കാരെ ഉൾക്കൊള്ളുന്ന ട്രെയിനാണിത്. തമിഴ്നാട്, തെലങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ആളെ കയറ്റും. കന്യാകുമാരിയിൽ നിന്നു സിക്കിമിലെ ദിബ്രുഗഡിലേക്കു യാത്ര നടത്തിയിരുന്ന വിവേക് എക്സ്പ്രസായിരുന്നു ഇതു വരെ രാജ്യത്ത് കൂടുതൽ ദൂരം യാത്ര ചെയ്തിരുന്ന ട്രെയിൻ