ന്യൂഡൽഹി: അതിർത്തി പ്രശ്നത്തെ തുടർന്ന് ഉടലെടുത്ത ചൈനീസ് വിരുദ്ധ വികാരം നേട്ടമാക്കാൻ ഒരുങ്ങുകയാണ് ഒരു കാലത്ത് രാജ്യത്ത് തരംഗം സൃഷ്ടിച്ച കമ്പനിയായ മൈക്രോമാക്സ്. ഇന്ത്യയിൽ സ്മാർട്ട്ഫോൺ വിൽപ്പനക്ക് തറക്കല്ലിട്ടത് സാംസങ് ആണെങ്കിലും വിപണയിൽ ഒരുകാലത്ത് അവരെ പോലും ഭയപ്പെടുത്തിയിരുന്നു മൈക്രോമാക്സ്. എന്നാൽ, കാലക്രമേണ മറ്റ് കമ്പനികളുമായി മത്സരിക്കാൻ കഴിയാതെ വിപണിയിൽ നിന്ന് വിടപറയുന്ന അദ്ഭുതക്കാഴ്ചയും എല്ലാവരും കണ്ടു.
ഇപ്പോൾ മാർക്കറ്റിൽ ലഭ്യമായ മികച്ച ബജറ്റ് – മിഡ്റേഞ്ച് ഫോണുകൾ എടുത്താൽ മിക്കവയും ചൈനീസ് കമ്പനികളുടേതായിരിക്കും. എന്നാൽ ഇന്ത്യയിൽ തരംഗമാവുന്ന ബോയ്കോട്ട് ചൈന മുദ്രാവാക്യം ചൈനക്ക് വലിയ തിരിച്ചടിയാണ് നൽകാൻ പോകുന്നതെന്ന് വിലയിരുത്തലുകളുണ്ട്. അവരുടെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ മാർക്കറ്റായ ഇന്ത്യയിലെ ജനങ്ങൾ മെയ്ഡ് ഇൻ ഇന്ത്യ ഫോണുകൾക്കായി ഒരു വശത്ത് നിന്ന് മുറവിളി തുടങ്ങിയിരിക്കുകയാണ്.
സമൂഹ മാധ്യമങ്ങളിലാണ് ഇത്തരം ആഹ്വാനങ്ങളുമായി പലരും എത്തുന്നത്. മൈക്രോമാക്സിെൻറ ഒൗദ്യോഗിക ട്വിറ്റർ ഹാൻറിലിൽ എത്രയും പെട്ടന്ന് മികച്ച ബജറ്റ് ഫോണുകളുമായി ഒരു തിരിച്ചുവരവ് നടത്തണമെന്ന ആവശ്യങ്ങൾ ഉയരുകയാണ്. ’ഞങ്ങൾ അതിനുള്ള തയാറെടുപ്പിലാണെന്നും വലുതുതന്നെ പ്രതീക്ഷിക്കാമെന്നും മൈക്രോമാക്സ് എല്ലാവർക്കും മറുപടിയും നൽകുന്നുണ്ട്. മൈക്രോമാക്സിന് ഇത് മികച്ച അവസരമാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ ഒരുകാലത്ത് വലിയ തരംഗം തീർത്ത ചരിത്രമുള്ള കമ്പനി എന്ന നിലക്ക് മൈക്രോമാക്സിന് ബോയ്കോട്ട് ചൈന എന്ന ചിലരുടെ ആഹ്വാനം വലിയ വിപണി സാധ്യതയാണ് തുറന്നിരിക്കുന്നത്. നിലവിൽ നിരവധി കമ്പനികൾ മികച്ച സ്മാർട്ട്ഫോൺ മോഡലുകളുമായി രംഗത്തുണ്ടെങ്കിലും അതിനോട് അടുത്തെങ്കിലും എത്തുന്ന പുതിയ അവതാരത്തെ ഇറക്കിയാൽ മൈക്രോമാക്സിന് ചരിത്രം സൃഷ്ടിക്കാം. ചെറിയ പിഴവുകൾ പോലും മറന്ന് ആളുകൾ തങ്ങളുടെ പ്രൊഡക്ട് വാങ്ങുമെന്ന നിലവിലെ സാഹചര്യം അവർ മുതലെടുക്കുമെന്ന് തീർച്ച.
ചൈനീസ് ഉത്പന്നങ്ങൾ എല്ലാം ബഹിഷ്കരിക്കുക എന്നത് ഒരു വിദൂര സാധ്യതയായി നിലനിൽക്കുേമ്പാഴും ഏറ്റവും ജനപ്രിയമായ സ്മാർട്ട്ഫോൺ വിപണിയിൽ ഇന്ത്യൻ കമ്പനികൾക്ക് ഒരു കൈ പരീക്ഷിക്കാനുള്ള അവസരമാണിതെന്നാണ് പൊതു അഭിപ്രായം. ഷവോമിയും റിയൽമിയും വൺപ്ലസും ഒപ്പോ, വിവോ തുടങ്ങിയ കമ്പനികളും ഇന്ത്യയിൽ സ്വന്തമാക്കിയ സ്വപ്നതുല്യമായ വിപണിക്ക് വേണ്ടി ഏതൊക്കെ ഇന്ത്യൻ കമ്പനികളാണ് കച്ചകെട്ടിയിറങ്ങുന്നതെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് രാജ്യം.
ഒരിക്കൽ ഒരു മൈക്രോമാക്സ് കാലം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ളത് 15000 രൂപക്ക് താഴെയുള്ള സ്മാർട്ട്ഫോണുകൾക്കാണ്. രാജ്യത്തെ സ്മാർട്ട്ഫോൺ കമ്പക്കാരുടെ ഇൗ മനശാസ്ത്രം ഏറ്റവും ആദ്യം മനസ്സിലാക്കി പ്രവർത്തിച്ച കമ്പനിയായിരുന്നു മൈക്രോമാക്സ്. ഷവോമിയെ പോലെ കണ്ണുചിമ്മിത്തുറക്കുന്ന സമയം കൊണ്ട് ഇന്ത്യൻ മാർക്കറ്റിൽ അപ്രമാദിത്യം കാട്ടിയ കമ്പനിയായിരുന്നു അവർ. അവരുടെ കാൻവാസ്, യുനൈറ്റ്, YU സീരീസുകളിലുള്ള സ്മാർട്ഫോണുകൾ ഇന്ത്യയിൽ സൂപ്പർഹിറ്റായിരുന്നു. ഹരിയാനയിലെ ഗുഡ്ഗാവിലെ െഎ.ടി സോഫ്റ്റ്വെയർ കമ്പനിയായി തുടങ്ങിയതായിരുന്നു മൈക്രോമാക്സ്.
മൈക്രോമാക്സ് ഇൻഫോമാറ്റിക്സ് എന്ന പേരിൽ 2000ലായിരുന്നു രാഹുൽ ശർമയെന്ന ടെക്കി പുതിയ സ്റ്റാർട്ട്അപിന് തുടക്കമിട്ടത്. 2008ൽ സ്മാർട്ഫോൺ വിപണിയിലേക്ക് കടന്നതോടെ മൈക്രോമാക്സ് പുതിയ ചരിത്രത്തിനായിരുന്നു തുടക്കം കുറിച്ചത്. 100 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയിൽ സാംസങ്ങിനെയും നോകിയയെും പിന്തള്ളി ഒന്നാമത്തെത്തുക എന്ന നേട്ടം മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ 10 സ്മാർട്ഫോൺ ബ്രാൻറുകളിൽ ഒന്നായി മാറി നമ്മുടെ മൈക്രോമാക്സ്. ഒരു മാസം വരെ നീണ്ടു നിൽക്കുന്ന ബാറ്ററിയുള്ള X1i പതിപ്പ് വിപണിയിലിറക്കി ഞെട്ടിച്ച മൈക്രോമാക്സിെൻറ സ്മാർട്ഫോൺ മാർക്കറ്റ് 2014ൽ ഇന്ത്യയിൽ സാംസങ്ങിനെ പിന്നിലാക്കി.
2010ൽ ടാബ്ലറ്റ് കമ്പ്യൂട്ടർ മാർക്കറ്റിലും കൈവെച്ച അവർ ഫൺബുക്ക് സീരീസ് വിൽപന തുടങ്ങി. 2014ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോണുകൾ ഷിപ്പ് ചെയ്യുന്ന കമ്പനിയായി. ഇൗ വർഷം തന്നെ റഷ്യയിൽ ആദ്യമായി സ്മാർട്ഫോൺ വിൽക്കപ്പെടുന്ന ഇന്ത്യൻ കമ്പനിയുമായി മൈക്രോമാക്സ്. ആദ്യത്തെ എട്ട്-കോർ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ മൈക്രോമാക്സ് അവതരിപ്പിച്ചത് റഷ്യയിലായിരുന്നു. അതിെൻറ പേര് കാൻവാസ് നൈറ്റ് എ350.അതേസമയം, ഇന്ത്യയിൽ ആദ്യത്തെ ആൻഡ്രോയ്ഡ് വൺ സ്മാർട്ഫോണായ കാൻവാസ് എ1ഉം അവതരിപ്പിച്ചു.
2014 നവംബറിൽ കസ്റ്റം റോം നിർമാതാക്കളായ സയനൊജൻ. ഇൻകുമായി സഹകരിച്ച് സയനൊജൻ ബേസ്ഡ് മാർട്ഫോണുകൾ YU എന്ന പ്രത്യേക ബ്രാൻറിന്റെ പേരിൽ വിപണിയിലെത്തിച്ചു. ഇൗ മോഡലുകളിലെ യുറേക്ക. യു ഫോറിയ എന്നിവയൊക്കെ വിപണിയിൽ ചൂടപ്പം പോലെ വിറ്റുപോയി. മിഡ്റേഞ്ചിലുള്ള ആളുകളുടെ പോക്കറ്റ് കാലിയാക്കാത്ത മികച്ച ഫോണുകൾ അവതരിപ്പിച്ച് മൈക്രോമാക്സ് ഒരു കാലത്ത് ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിലെ ആരും കൊതിക്കുന്ന സ്ഥാനത്തിരുന്നു.എന്തായാലും മൈക്രോമാക്സിെൻറ തിരിച്ചുവരവിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സ്മാർട്ട്ഫോൺ പ്രേമികൾ. ചൈനീസ് കമ്പനികളെ വെല്ലാൻ എന്ത് ആയുധമാണ് അവർ എടുത്ത് പ്രയോഗിക്കുകയെന്ന് കാത്തിരുന്ന് കാണുക തന്നെവേണം.