ന്യൂഡൽഹി ∙ കോവിഡിനെതിരായ പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. രാജ്യം ഭയാനക ദുരന്തത്തിലേക്കാണ് നീങ്ങുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കഴിവില്ലായ്മയും ധാര്‍ഷ്ട്യവുമാണ് ഈ സ്ഥിതിയ്ക്ക് കാരണം. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് ഒന്നാമതെത്തിയാലും അത്ഭുതമില്ലെന്ന് രാഹുൽ പറഞ്ഞു. തെറ്റായ മത്സരത്തിൽ വിജയിക്കാനുള്ള പാതയിലാണ് ഇന്ത്യ. അഹങ്കാരത്തിന്റെയും കഴിവില്ലായ്മയുടെ തിക്ത ഫലമാണ് ഇപ്പോൾ ഇന്ത്യ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. രോഗവ്യാപനത്തില്‍ ഇന്ത്യയുടെ മുന്നേറ്റം വ്യക്തമാക്കുന്ന ഗ്രാഫ് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
നേരത്തെ യുഎസ് മുന്‍ നയതന്ത്രജ്ഞന്‍ നിക്കോളാസ് ബേണ്‍സുമായുള്ള സംവാദത്തിലും സർക്കാരിനെതിരെ രാഹുല്‍ രംഗത്തതിയിരുന്നു. സര്‍ക്കാര്‍ ഏകപക്ഷീയമായിട്ടാണ് തീരുമാനങ്ങളെടുക്കുന്നത്. ലോക്ഡൗണ്‍ കൊണ്ടുവരാന്‍ അവര്‍ തീരുമാനിച്ചു. അതിന്റെ ഫലം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നടന്ന് സ്വദേശത്തേക്കു മടങ്ങുന്നത്. ഇത്തരമൊരു സാഹചര്യമൊരുക്കുന്ന സര്‍ക്കാര്‍ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.